ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണ് ശരത്ചന്ദ്രൻ. ആശുപത്രി ചെലവിനു പോലും കൈയിൽ പൈസയില്ലാതിരിക്കുന്പോഴാണ് പണവും ആഭരണവും അടങ്ങിയ പഴ്സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ പണവും ആഭരണവും കണ്ടയുടനെ അടുത്തയാളിനെ ഏൽപിച്ച് ഉടമസ്ഥനു കൈമാറി. സത്യസന്ധനായ യുവാവിനെ ആശുപത്രി ജീവനക്കാർ അഭിനന്ദിച്ചു.
പീരുമേട് അംബേദ്കർ ഭവനിൽ കല്ലറ സുകുമാരന്റെ മകൻ ശരത്ചന്ദ്രന് (തങ്കച്ചൻ) ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിൽ നിന്നാണ് പഴ്സ് കളഞ്ഞു കിട്ടിയത്. ഇദ്ദേഹത്തിന്റെ ബന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ ശരത് പഴയ അത്യാഹിത വിഭാഗത്തിലൂടെ പോകുന്പോഴാണ് പഴ്സ് കിട്ടിയത്.
തുറന്നു നോക്കിയപ്പോൾ ഒരു സ്വർണമാലയും 14300 രൂപയും ആശുപത്രി രേഖകളും അതിനകത്ത് ഉണ്ടായിരുന്നു. ഉടമയെ അന്വേഷിച്ച് കണ്ടു പിടിക്കുവാൻ അദ്ദേഹത്തിന് സമയം ഇല്ലാതിരുന്നതിനാൽ ഈ ഭാഗത്ത് കോഫി ഹൗസ് നടത്തുന്ന ആരീഫായെന്ന യുവതിയെ ഏല്പിച്ചു.
ആരീഫാ ഉടൻ തന്നെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ രാജശേഖരൻ നായരെ ഏല്പിച്ചു. അദ്ദേഹം പഴ്സ്് തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ പണവും മാലയും രേഖകളും കൂടാതെ ഫോണ് നന്പറുകളും ലഭിച്ചു. ഈ നന്പരിലേയ്ക്ക് വിളിച്ചപ്പോഴാണ് കൂത്താട്ടുകുളം പൂതക്കുളം സ്വദേശിനിയായ മാധവിയുടേത് പഴ്സ് എന്നു മനസിലായത്. ഉടൻ തന്നെ അവരെ വിളിച്ചു വരുത്തി.
പഴ്സ് ഇവരുടേതാണെന്നും ഒന്നര പവന്റെ സ്വർണമാലയാണെന്നും മാധവി പറഞ്ഞു. പിന്നീട് ശരതിനെ അന്വേഷിച്ച് കണ്ടു പിടിച്ച ശേഷം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മാധവിക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ രാജശേഖരൻ നായർ പഴ്സ്കൈമറി.