കോട്ടയം: പി.ജെ.ജോസഫ് പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് പാലായിലെ യുഡിഎഫ് സ്ഥനാർഥി ജോസ് ടോം. യഥാർഥ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി നേതൃത്വം നല്‍കുന്നതാണെന്നും ജോസ് ടോം പറഞ്ഞു. ജോയി ഏബ്രഹാം നടത്തിയ പ്രസ്താവന നിർഭാഗ്യകരമെന്നും ജോസ് ടോം.
ഇന്നു രാവിലെ ദൃശ്യമാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് ടോം. ഇന്നലെ വോട്ടെടുപ്പ് പുരോഗമിക്കവേയാണ് ജോസഫ് വിഭാഗം നേതാവ് ജോയി ഏബ്രഹാമിന്റെ വിവാദ പ്രസ്താവന. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പില്ലെന്നുമായിരുന്നു ജോയി ഏബ്രഹാമിന്റെ വിവാദ പ്രസ്താവന.
ജോയി ഏബ്രഹാമിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങൾ ജോസ് കെ മാണിയുടെ പ്രതികരണം ആരാഞ്ഞപ്പോൾ അതൊക്കെ കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമായിരുന്നു പ്രതികരണം.
മറ്റ് ഉപതരെഞ്ഞെടുപ്പുകളിലും യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ജോയി ഏബ്രഹാമിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.