കടുത്തുരുത്തി: ചുവട് ദ്രവിച്ചും തായ്തടി ഒടിഞ്ഞും ചരിഞ്ഞും ചാഞ്ഞും റോഡരുകിൽ അപകട ഭീഷിണി ഉയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടി നീക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് അധികൃതർ. കാറ്റും മഴയും തുടരുന്നത് അപകടാവസ്ഥയിലുള്ള മരങ്ങൾ നാട്ടുകാരുടെയും യാത്രക്കാരുടെയും ജീവന് ഉയർത്തുന്ന ഭീഷിണി ചെറുതല്ല. ജീവന് ഭീഷിണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നത് അപകട ഭീഷിണി വർദ്ധിപ്പിക്കുകയാണ്.
ഏറ്റൂമാനൂർ-കുറുപ്പന്തറ റോഡിൽ നന്പ്യാകുളം, കോതനല്ലൂർ, കുറുപ്പന്തറ, മാഞ്ഞൂർ, പട്ടാളമുക്ക്, ആറാം മൈൽ, ആപ്പാഞ്ചിറ എന്നിവിടങ്ങളിലെല്ലാം അപകടാവസ്ഥയിലുളള മരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ആപ്പാഞ്ചിറയിൽ സമീപത്തെ സ്കൂളിലേക്കു കുട്ടികൾ വന്നു പോകുന്നതും ബസ് കാത്തു നിൽക്കുന്നതുമായ ഭാഗത്താണ് അപകട ഭീഷിണിയുയർത്തി മരം സ്ഥിതി ചെയ്യുന്നത്.
കാറ്റിലും മഴയിലും ആടിയുലയുന്ന മരങ്ങൾ ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലാണ് റോഡരികിൽ നിൽക്കുന്നത്. ആപ്പാഞ്ചിറ ജംഗ്ഷനിൽ ഒന്നിലധികം മരങ്ങളാണ് അപകട ഭീഷിണിയുമായി സ്ഥിതി ചെയ്യുന്നത്. ശക്തമായ കാറ്റുണ്ടായാൽ ഈ മരങ്ങളിൽ പലതും നിലം പൊത്തിയേക്കാവുന്ന സ്ഥിതിയിലാണ്. പലയിടത്തും മരങ്ങൾ മറിഞ്ഞ് വീണാൽ സമീപത്തുള്ള വൈദ്യൂതി ലൈനുകൾ തകരുമെന്നത് അപകടഭീഷിണി വർദ്ധിപ്പിക്കുന്നു.
മാഞ്ഞൂർ ജംഗ്ഷനിലെ ഗവണ്മെന്റ് എൽപി സ്കൂളിന് സമീപത്തെ പേരാലും റോഡിലേക്ക് അപകടകരമായി ചെരിഞ്ഞ നിൽക്കുകയാണ്. കുറുപ്പന്തറ ജംഗ്ഷനും ബസ് സ്റ്റാൻഡിനും മധ്യേ നിൽക്കുന്ന മരവും അപകടഭീഷിണി ഉയർത്തുന്നുണ്ട്. ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ ഉടൻ വെട്ടിമാറ്റിയില്ലെങ്കിൽ ദുരന്ത സാധ്യത ഏറെയെന്ന ആശങ്കയിലാണ് നാട്ടുകാർ. അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.