സി.സി.സോമൻ
കോട്ടയം: ഇനി പോലീസിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം. പ്രത്യേകിച്ച് വാഹന പരിശോധനാ സമയത്തൊക്കെ. പോലീസ് മോശമായി പെരുമാറിയെന്ന വ്യാജ പരാതിയുമായി എത്തിയാൽ കുടുങ്ങും.
വസ്ത്രത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന ബോഡി വോണ്‍ കാമറ ധരിച്ചാണ് പോലീസ് വാഹന പരിശോധനയ്ക്കെത്തുന്നത്. വാഹന പരിശോധന മാത്രമല്ല, ചില സമര മേഖലകളിലും സംഘർഷ സ്ഥലങ്ങളിലുമൊക്കെ ബോഡി വോണ്‍ കാമറ ധരിച്ച പോലീസുണ്ടാവും.
പോലീസ് ലാത്തി വീശിയെന്നും നിരപരാധിയെ മർദിച്ചെന്നുമൊക്കെയുള്ള പരാതികൾ നല്കുന്നവർ സൂക്ഷിക്കുക. സംഭവങ്ങളുടെ യഥാർഥ ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ട്.
കാമറ വസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന വിവരം മറ്റാർക്കും കാണാനുമാവില്ല. നടക്കുന്ന സംഭവങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും കാമറയിലെ മെമ്മറി കാർഡിൽ റിക്കാർഡ് ചെയ്യപ്പെടും. പിന്നീട് കംപ്യൂട്ടറിന്റെ സഹായത്തോടെ ദൃശ്യങ്ങൾ കാണാനും അത് സൂക്ഷിക്കാനും കഴിയും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും കഴിഞ്ഞ ദിവസം ബോഡി വോണ്‍ കാമറ വിതരണം ചെയ്തു. ഇതിനായി 350 കാമറകളാണ് വാങ്ങിയത്. വിദേശ രാജ്യങ്ങളിലെ പോലീസിന് ബോഡി വോണ്‍ കാമറയുണ്ടെങ്കിലും സംസ്ഥാനത്ത് ഇതാദ്യമാണ് പോലീസ് ബോഡി വോണ്‍ കാമറ ധരിച്ച് ഡ്യൂട്ടിക്ക് പോകുന്നത്. കോട്ടയം ജില്ലയ്ക്ക് 25 കാമറയാണ് ലഭിച്ചത്.
അത് 25 പോലീസ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്തു. ജില്ലയിലാകെ 31 പോലസ് സ്റ്റേഷനുകളാണുള്ളത്. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കാമറയുടെ ചുമതല. എസ്എച്ച്ഒ നിർദേശിക്കുന്നയാളാണ് കാമറ ധരിച്ച് ഡ്യൂട്ടിക്ക് പോകേണ്ടത്.