വാഴക്കുളം: ആവോലി ടൗണിൽ മധ്യവയസ്കന്റെ ആത്മഹത്യാ ശ്രമം. ആനിക്കാട് പൂനാട്ട് അലോഷ്യസാണ് ആവോലി അമ്പലത്തിനു മുമ്പിൽ റോഡരികിലുള്ള വാകമരത്തിൽ കയറി ആത്മഹത്യാശ്രമം നടത്തിയത്. പഞ്ചായത്തിനെതിരേയും ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരേ ആരോപണമുയർത്തിയാണ് ഇയാൾ മരത്തിൽ കയറിയത്. പഞ്ചായത്തംഗം ജോജി ജോസ് കുറുപ്പു മഠത്തിൽ നടത്തിയ അനുനയിപ്പിക്കലിനൊടുവിൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ഇയാളെ മരത്തിൽ നിന്നു താഴെയിറക്കി.
ഇന്നു രാവിലെ ആറുമണിയോടെ ഇയാൾ മരത്തിൽ കയറി കഴുത്തിൽ കയറിട്ടു മരത്തിൽ കെട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വാഴക്കുളം പോലീസും കല്ലൂർക്കാടുനിന്നു അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കരിങ്കൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യാ ഭീഷണിക്കു കാരണമായി പറയുന്നത്.
അലോഷ്യസ് അനധികൃതമായി കരിങ്കല്ലു പൊട്ടിക്കുകയാണെന്ന അറിയിപ്പ് പഞ്ചായത്തിൽ ലഭിച്ചതോടെ പഞ്ചായത്തിൽനിന്ന് കല്ല് പൊട്ടിക്കുന്നതിന് സ്റ്റേ നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.