തൃശൂർ: അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി നഗരത്തിൽ സംഘടിപ്പിച്ച റെഡ് വോളന്റിയർ പരേഡ് പാർട്ടിയുടെ സംഘാടന പാടവം വിളിച്ചോതുന്നതായി. ജില്ലയിലെ 16 ഏരിയകളിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് റെഡ് വോളന്റിയർ മാർച്ചിൽ അണിചേർന്നത്. ശക്തൻനഗറിലും പാലസ് റോഡിലും കേന്ദ്രീകരിച്ച ശേഷമായിരുന്നു മാർച്ച്.
രണ്ടിടത്തുനിന്നാരംഭിച്ച മാർച്ചുകൾ ജനറൽ ആശുപത്രി ജംഗ്ഷ്നിൽ സംഗമിച്ച്, മണികണ്ഠനാൽവഴി പൊതുസമ്മേളന വേദിയായ വിദ്യാർഥി കോർണറിൽ സമാപിക്കുകയായിരുന്നു. കോർപറേഷൻ പരിസരത്തുനിന്നു പ്രകടനമായും പ്രവർത്തകർ എത്തി. തുടർന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ റെഡ് വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
മാർച്ചിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊളിഞ്ഞുകിടക്കുന്ന റോഡുകൾ കുരുക്കിന്റെ ആഴം കൂട്ടി. മണിക്കൂറുകളോളം ജനം കുരു ക്കിൽപെട്ട് വലഞ്ഞു.