മിലാൻ: കാഴ്ചയില്ലാത്ത മകന്റെ കണ്ണായി മാറിയ ബ്രസീലുകാരിയായ സിൽവിയ ഗ്രെക്കോ എന്ന അമ്മയ്ക്ക് ഫിഫയുടെ മികച്ച ആരാധികയ്ക്കുള്ള പുരസ്കാരം. ഓട്ടിസം ബാധിച്ചു കണ്ണിന് കാഴ്ചയില്ലാത്ത പന്ത്രണ്ടുകാരൻ മകൻ നിക്കോളാസിനാണ് ആ അമ്മ ഫുട്ബോൾ കാഴ്ച പകർന്നു നല്കിയത്.
ബ്രസീലിയൻ ഫുട്ബോൾ ലീഗിൽ പാൽമിറാസും ബൊട്ടാഫോഗയും തമ്മിലുള്ള മത്സരം കാണാനാണ് സിൽവിയയും നിക്കോളാസും എത്തിയത്. പാൽമിറാസിന്റെ കടുത്ത ആരാധകരായ ഇരുവരും ക്ലബ്ബിന്റെ എല്ലാ മത്സരങ്ങളും കാണാൻ പോകും. മൈതാനത്തെ കാഴ്ചകൾ നിക്കോളാസിന് സിൽവിയോ വിവരിച്ചുകൊടുക്കും. പാൽമിറാസിന്റെ മത്സരവും സിൽവിയ മകന് ആവേശത്തോടെ പറഞ്ഞുകൊടുത്തത് ആരോ വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ ഇട്ടു.
അത് ആരാധകരുടെ ഹൃദയം കീഴടക്കുകയും കണ്ണുകളിൽ ഈറനണിയിക്കുകയും ചെയ്തു.പ്രഫഷണലായി പറയാൻ എനിക്ക് അറിയില്ല. ഞാൻ കാണുന്നതും എനിക്ക് തോന്നുന്നതും അവന് പറഞ്ഞുകൊടുക്കും. റഫറിയെ ചീത്ത വിളിക്കേണ്ട സാഹചര്യം പോലും- അന്പത്തിയാറുകാരിയായ സിൽവിയ പറഞ്ഞു.
ബ്രസീൽ സൂപ്പർ താരമായ നെയ്മർ പണ്ട് നിക്കോളാസിനെ തോളിൽ കയറ്റിയത് വാർത്തയായിരുന്നു. നെയ്മറിന്റെ ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട ടീമും പാൽമിറാസ് ആയിരുന്നു. അതുകൊണ്ടാണ് താനും തന്റെ മകനും പാൽമിറാസ് ആരാധകരായതെന്നും സിൽവിയ പറയുന്നു.