പിറവം: വലിയ പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ ഇന്ന് രാവിലെ 7.30. ഓടെ എത്തിയെങ്കിലും ഉള്ളിൽ കടക്കാനായിട്ടില്ല. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരിക്കുകയാണ്. അഡീഷ്ണൽ എസ്പി സോജന്റെ നേതൃത്വത്തിൽ അഞ്ഞൂറിലധികം പോലീസുകാർ പള്ളി പരിസരത്തുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പള്ളിയിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതാണങ്കിലും പിന്നീട് പോലീസിന്റെ അഭ്യർഥന പ്രകാരമാണന്ന് പറയുന്നു ഇന്നു രാവിലത്തേക്ക് മാറ്റിയത്.
ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘം ഉള്ളിൽ പ്രവേശിക്കാനായി ഗേറ്റിന് മുന്നിലുള്ള കാത്തിരിപ്പ് തുടരുകയാണ്. യാക്കോബായ വിഭാഗം ഇന്ന് അതിരാവിലെ തന്നെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടിയിരുന്നു.
സുപ്രീം കോടതി വിധിയെത്തുടർന്ന് പിറവം വലിയ പള്ളിയിൽ പ്രവേശിക്കുന്നതിന് പോലീസ് പ്രൊട്ടക്ഷനായാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഫാ.സ്കറിയ വട്ടക്കാട്ടിലടക്കം നാല് വൈദികർ ചേർന്ന് നൽകിയ ഹർജിയിൽ അനുകൂലമായി വിധിച്ചിരുന്നു. ഇതനുസരിച്ച് വൈദികർക്കും ഓർത്തഡോക്സ് വിശ്വാസികൾക്കും പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തുന്നതിനാണ് പ്രൊട്ടക്ഷൻ നൽകാൻ കോടതി ഉത്തരവിട്ടിരുന്നത്.
ഇന്നലെ വൈകുന്നേരം മുതൽ യാക്കോബായ വിശ്വാസികൾ പള്ളിയിൽ എത്തിച്ചേർന്നിരുന്നു. സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബാവയടക്കമുള്ള മെത്രാപ്പോലീത്തമാരും പള്ളിയിലുണ്ട്. കോടതി വിധികൾ നടപ്പാക്കാൻ ശ്രമിക്കാതെ പോലീസും സർക്കാരും മറുവിഭാഗവുമായി ഒത്തുകളിക്കുകയാണന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിക്കുന്നു. അതേ സമയം യാക്കോബായ സഭയുടെ പള്ളികളൊന്നും വിട്ടുകൊടുക്കില്ലെന്നും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും യാക്കോബായ വിഭാഗം പറയുന്നു.
പോലീസ് ഔദ്യോഗികമായി കോടതി വിധി നടപ്പാക്കാൻ അനുവദിക്കണമെന്ന് യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെടുന്നുണ്ട്. പള്ളിയിൽ പ്രവേശിക്കാതെ തിരിച്ചുപോകില്ലെന്നുള്ള നിലപാടിൽ ഓർത്തഡോക്സ് വിഭാഗം ഉറച്ചു നിൽക്കുന്നതിനാൽ ഇവിടെ സംഘർഷാവസ്ഥ തുടരുകയാണ്.