കോട്ടയം: തൊടുപുഴ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന എറണാകുളം തോപ്പുംപടി സ്വദേശിയെ കോട്ടയം എക് സൈസ് സ്പെഷൽ സക്വാഡ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് അര കിലോഗ്രാം കഞ്ചാവ് പിടികൂടി.കൊച്ചങ്ങാടി സ്വദേശി തുണ്ടിപ്പറന്പിൽ വീട്ടിൽ പി.എം. നൗഷാദ് ആണ് പിടിയിലായത്.
ഇന്നു രാവിലെ കോട്ടയം കുമളി കെഎസ്ആർടിസി ബസിൽ 520ഗ്രാം കഞ്ചാവ് കടത്തിക്കൊ ണ്ടു വരവേ വാഴൂർ പുളിക്കൽകവല ഭാഗത്ത് വാഹന പരിശോധനയ്ക്കിടയിലാണ് കുടുങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ വി.പി.അനൂപും പാർട്ടിയും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കന്പത്തുനിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണ് നൗഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുമളിയിൽ നിന്നു വരുന്ന ബസുകൾ മുണ്ടക്കയത്ത് എത്തുന്പോൾ സ്ഥിരമായി എക്സൈസ്, പോലീസ് റെയ്ഡുള്ളതിനാൽ മുണ്ടക്കയത്തിനു മുൻപ് ഇറങ്ങി ഓട്ടോയിൽ മുണ്ടക്കയം സ്റ്റാൻഡിലെത്തി അവിടെ നിന്നാണ് ബസിൽ കയറുന്നത്. അതായത് എക്സൈസ് പരിശോധന കഴിഞ്ഞ ബസിൽ കയറിയാൽ പിന്നീട് പിടിക്കപ്പെടില്ല എന്ന ധാരണയിലായിരുന്നു കഞ്ചാവ് കടത്തി വന്നത്.
കഞ്ചാവ് കടത്തുകാരുടെ ഈ തന്ത്രം മനസിലാക്കിയാണ് എക്സൈസ് വാഴൂർ പുളിക്കൽകവല ഭാഗത്ത് വാഹന പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി.എസ്. സുരേഷ്, സിഇഒ സുജിത്ത്, ബൈജുമോൻ, സുജാത സി.ബി, ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.