കോഴഞ്ചേരി: തിരുവല്ല -കുന്പഴ സംസ്ഥാന പാതയിലെ അപകടങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ച് പോലീസ്, മോട്ടോർ വാഹനവകുപ്പ്, ജനപ്രതിനിധികൾ, വിദ്ഗധർ എന്നിവർ ഉൾപ്പെടുന്നവരുടെ ഉന്നതതല യോഗം വിളിച്ച് ആലോചിക്കുമെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച കുന്പനാട് കല്ലുമാലിക്കൽപ്പടിയിലുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചിരുന്നു. ഇത്തരത്തിൽ അപകടങ്ങൾ ടികെ റോഡിൽ പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ഉന്നതതലയോഗം വിളിച്ചത്.
32 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. റോഡ് നവീകരിച്ചപ്പോൾ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളുണ്ടായിട്ടില്ല. ടികെ റോഡിൽ കഴിഞ്ഞ കുറെ നാളുകളായി നടന്ന അപകടകങ്ങളെ തുടർന്നുള്ള മരണങ്ങളെ സംബന്ധിച്ച കണക്കുകളും ലഭ്യമല്ല.
പുല്ലാട് മുതൽ കുന്നന്താനം വരെയുള്ള സ്ഥലത്താണ് ഏറെയും അപകടങ്ങൾ ഉണ്ടാക്കുന്നത്. അപകടസാധ്യത സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന നിർദേശം റോഡ് നവീകരണ ഘട്ടത്തിൽ പാലിക്കപ്പെട്ടിട്ടില്ല. അംഗീകൃത ബസ് സ്റ്റോപ്പുകൾ സംബന്ധിച്ചും ബസ് ബേകൾ സംബന്ധിച്ചും അടയാളങ്ങളില്ല. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തു സ്വീകരിക്കേണ്ട നടപടികൾ അടിയന്തരമായി തീരുമാനിക്കുമെന്ന് എംഎൽഎ പറഞ്ഞു.