ചങ്ങനാശേരി: കെഎസ്ആർടിസി സ്റ്റേഷൻ കവാടത്തിൽ ബസിന്റെ ചക്രംകയറി വയോധികന്റെ രണ്ടു കാലുകളും തകർന്നു. കിടങ്ങറ മൂലേപുതുവൽ വട്ടക്കേരി ചാക്കോ(78)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. പരിക്കേറ്റ ചാക്കോയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി പോലീസ് കേസെടുത്തു.
ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ കുഞ്ഞുമോളെ സന്ദർശിച്ച ശേഷം വീട്ടിലേക്കു പോകുന്നതിനായി കെഎസ്ആർടിസ് ബസ് സ്റ്റേഷന്റെ കവാടത്തിലൂടെ നടന്നുപോകുന്പോൾ പെരുന്ന ഭാഗത്തുനിന്നും ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസിന്റെ പിൻചക്രമാണ് ചാക്കോയുടെ ഇരുകാലുകളിലൂടെ കയറിയിറങ്ങിയത്.
ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കവാടങ്ങൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന സഞ്ചാരികൾക്കും അപകട ഭീഷണി സൃഷ്ടിക്കുന്നതായി രാഷ്ട്രദീപിക പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല.
ബസ് സ്റ്റാൻഡിനുള്ളിലും കെഎസ്ആർടിസി ജംഗ്ഷനിൽ റോഡ് കുറുകെ കടക്കുന്ന ഭാഗത്തും യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാൻ അധികാരികൾ കൂട്ടാക്കാത്തതാണ് കൂടെക്കൂടെ ഇവിടെ അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്. രാത്രി കാലങ്ങളിൽ സ്റ്റാൻഡിനുള്ളിൽ നിറയെ ബസുകൾ പാർക്കു ചെയ്യുന്നതുമൂലം സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ പ്രവേശിക്കാനും തടസം നേരിടുന്നുണ്ട്.
ഇതുമൂലം ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട അവസ്ഥയാണ്. ഇന്നലെ അപകടത്തിൽപ്പെട്ട് ഇരുകാലുകളും തകർന്ന വയോധികനായി ചാക്കോയുടെ നിലവിളിയെങ്കിലും ചങ്ങനാശേരിയിലെ അധികാരികളുടെ കണ്ണ് തുറപ്പിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.