തൃശൂർ: യുവതിക്കെതിരെ ദൃശ്യമാധ്യമത്തിൽ ഉൾപ്പടെ പഞ്ചായത്തംഗം അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്കു സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി.രാമനിലയത്തിൽ കമ്മീഷൻ ചെയർപേഴ്സണ് ചിന്ത ജെറോമിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിലാണ് നിർദേശം.
യുവതി കമ്മീഷനു നൽകിയ പരാതിയിലാണ് കടവല്ലൂർ പഞ്ചായത്തംഗം ജമാലുദീനെതിരെ കേസെടുക്കാൻ നിർദേശം നൽകിയത്.തൃശൂർ ഗവ. ലോ കോളജിലെ യൂണിയൻ ഭാരവാഹികളായ വിദ്യാർഥികൾക്ക് ഇന്റേണൽ മാർക്ക് കുറച്ചുനൽകുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ പ്രിൻസിപ്പലിനു നിർദേശം നൽകി.
ഗവ. എൻജിനീയറിംഗ് കോളജിൽ ടെക് ഫെസ്റ്റ് നടക്കുന്നതിനിടെ രാത്രി കാന്പസിൽ പ്രവേശിച്ച് പോലീസ് വിദ്യാർഥികളോടു മോശമായി പെരുമാറിയെന്ന പരാതി വിശദമായി പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ട്രാഫിക് പരിശോധനയ്ക്കിടെ യുവാവിനെ തലയ്ക്കുപിന്നിൽ മർദിച്ചുവെന്ന പരാതിയിൽ സിവിൽ പോലീസ് ഓഫീസറോട് ഒക്ടോബർ ഒന്പതിനു തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്തു നേരിട്ടു ഹാജരാകാൻ നിർദേശം നൽകി.
വിഷയം അന്വേഷിക്കാൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ആകെ 16 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ അഞ്ചെണ്ണം തീർപ്പാക്കുകയും ഏഴെണ്ണം അടുത്ത ഹിയറിംഗിലേക്കു മാറ്റിവയ്ക്കുകയും ചെയ്തു. കമ്മീഷൻ അംഗങ്ങളായ കെ.വി. രാജേഷ്, ടി. മഹേഷ്, കെ.പി. ഷജീറ, വി. വിനിൽ, സെക്രട്ടറി ടി.കെ. ജയശ്രീ തുടങ്ങിയവരും പങ്കെടുത്തു.