വടക്കഞ്ചേരി: മംഗലംഡാം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരണത്തിനു നടപടികൾ അന്തിമഘട്ടത്തിൽ. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുത്തിയാണ് മംഗലംഡാം പഞ്ചായത്ത് രൂപീകരിക്കുന്നത്.പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്നു കാണിച്ച് വണ്ടാഴി പഞ്ചായത്ത് ഡിഡിപിക്ക് റിപ്പോർട്ട് നല്കിയിട്ടുണ്ട്. വണ്ടാഴി പഞ്ചായത്തിലാണ് ഇപ്പോൾ മംഗലംഡാം മേഖലയുള്ളത്.
2015-ൽ യുഡിഎഫ് ഭരണകാലത്ത് മംഗലംഡാം പഞ്ചായത്തിനായി നപടികൾ നടന്നൈങ്കിലും പിന്നീടത് നിർത്തിവയ്ക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും പഞ്ചായത്ത് രൂപീകരണ നടപടികൾ വേഗത്തിലായിട്ടുള്ളത്.
1991-ൽ എ.വി.ഗോപിനാഥ് ആലത്തൂർ എംഎൽഎയായിരുന്നപ്പോഴും ഡാം ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കാൻ ശ്രമം നടന്നിരുന്നു.
പുതിയ പഞ്ചായത്തിനായി കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളിൽനിന്നും എത്ര വാർഡുകൾ എടുക്കുമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിർദിഷ്ട മംഗലംഡാം മലയോര പഞ്ചായത്തിൽ കുടിയേറ്റ കർഷകരുടെയും ആദിവാസികളുടെയും സ്വാധീനം ശക്തമാണ്.
കാൽലക്ഷത്തിൽപരം വരുന്ന ജനസംഖ്യയിൽ പകുതിയിൽ കൂടുതലും കുടിയേറ്റ മലയോര കർഷകരാണ്. പഞ്ചായത്ത് രൂപീകരണം ഈ ജനങ്ങൾക്കെല്ലാം ഉപകാരപ്രദമാകും.ഇതിനാൽ നിലവിലുള്ള രാഷ്ട്രീയ സാമുദായിക സമവാക്യങ്ങളും മാറും. രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളും പുതിയ പഞ്ചായത്തിന്റെ കണക്കുകൂട്ടലിലാണ്.