കൊച്ചി: തീരനിയമ ലംഘനത്തിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണം നിർത്തി. മൂന്ന് ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിർത്തിയത്.
വ്യാഴാഴ്ച പുലർച്ചെ നാല് ഫ്ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതോടെ ഫ്ളാറ്റിനു മുന്നിൽ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മരട് നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചിരുന്നു. ഫ്ളാറ്റ് ഉടമകൾ നോട്ടീസ് കൈപ്പറ്റാൻ തയാറാകാതെ വന്നതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ചുമരിൽ പതിക്കുകയായിരുന്നു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ഏകോപിപ്പിക്കാൻ പുതിയ ഉദ്യോഗസ്ഥനെയും സർക്കാർ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐഎഎസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിനാണ് ചുമതല നൽകിയത്.