ഏറ്റുമാനൂർ: പട്ടിത്താനം എബനേസർ ജംഗ്ഷനിൽ അപകട പരമ്പര. ഇന്നലെ രാവിലെ വളവിൽ നിയന്ത്രണംവിട്ട ജീപ്പ് ഓടയിലേക്ക് മറിഞ്ഞു. അടുത്തനാളുകളിലായി പത്ത് അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ രാവിലെ ഉച്ചയോടെയാണ് ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞത്. പിന്നീട് മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
എംസി റോഡിൽ ഏറ്റവും അധികം അപകടങ്ങൾ കഴിഞ്ഞ മൂന്ന് മാസത്തിനകം നടന്നത് പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനും ഇടയിലാണ്. പട്ടിത്താനം മേഖലയിൽ മാത്രം പത്തിലധികം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പടെ മരണമടഞ്ഞിരുന്നു.
ഇതിന് തൊട്ടടുത്ത് വെന്പള്ളി ആരംന്പിള്ളി വളവിലും അപകട പരന്പരകൾ ഏറുകയാണ്. എംസി റോഡ് ഉന്നതനിലവാരത്തിൽ നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗത ക്രമാതീതമായി വർധിച്ചുവെന്നും വളവുകളിൽ വേഗത കുറയ്ക്കാതെ സഞ്ചരിക്കുന്പോൾ പല വാഹനങ്ങളും നിയന്ത്രണംവിട്ട് തെന്നി മറിയുകയാണെന്നും പോലീസും മോട്ടോർ വാഹനവകുപ്പും പറയുന്നു.
വളവുകൾ പൂർണമായും നിവർത്താത്തതും നിശ്ചിത അളവിൽ ചെരിച്ച് റോഡ് നിർമിക്കാത്തതും വാഹനങ്ങളെ അപകടക്കെണിയിൽ വീഴ്ത്തുന്നതിന് കാരണമായി പറയുന്നു. റോഡ് നവീകരണത്തിനുശേഷം പലയിടത്തും വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയാണ്. മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധനയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇവ നിയന്ത്രിക്കൻ പറ്റുന്നില്ല. ഇതോടൊപ്പം അശ്രദ്ധമായ ഡ്രൈവിംഗും പ്രശ്നമാണ്.