പത്തനംതിട്ട: ടികെ റോഡിലെ വേഗനിയന്ത്രണത്തിന് കാമറകളും ട്രാഫിക് ലൈറ്റുകളും സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് വീണാ ജോർജ് എംഎൽഎ. മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത്, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്തയോഗം വിളിച്ച് റോഡിന്റെ സ്ഥിതി ചർച്ച ചെയ്യും. അപകടങ്ങൾ ഒഴിവാക്കുന്നതിലേക്ക് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കേണ്ടതുണ്ട്.
കാമറകൾ സ്ഥാപിച്ച് വേഗനിയന്ത്രണത്തിനു സംവിധാനങ്ങളുണ്ടാക്കും. ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനാകാത്ത സ്ഥിതിയുണ്ട്. കോഴഞ്ചേരി, ഇരവിപേരൂർ, ഇലന്തൂർ ജംഗ്ഷനുകളിലാണ് ഇതു പ്രധാന പ്രശ്നമാകുന്നത്. മൂന്നുവർഷത്തിനുള്ളിൽ അഞ്ച് കാൽനടയാത്രക്കാരാണ് ടികെ റോഡിൽ വാഹനങ്ങൾ ഇടിച്ചു മരിച്ചത്.
ഇതിൽ രണ്ടുപേർ റോഡ് മുറിച്ചുകടക്കുന്പോൾ ഇരുചക്രവാഹനം ഇടിച്ചാണ് മരിച്ചത്. പ്രധാന റോഡുകൾ വന്നുചേരുന്ന ജംഗ്ഷനുകളിലും സിഗ്്നൽ ലൈറ്റുകളില്ല. കറ്റോട്, തോട്ടഭാഗം, വള്ളംകുളം, ഇരവിപേരൂർ, പുല്ലാട്, കുന്പനാട്, ഇരവിപേരൂർ, തെക്കേമല, കാരംവേലി, ഇലന്തൂർ ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് റോഡ് കുറുകെ കടക്കേണ്ടിവരുന്നത് അപകടങ്ങൾക്കു കാരണമാകുന്നു.