തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, എറണാകുളത്ത് മനു റോയി, അരൂരിൽ മനു സി.പുളിക്കൽ, കോന്നിയിൽ കെ.യു. ജനീഷ്കുമാർ, മഞ്ചേശ്വരത്ത് ശങ്കർ റേ എന്നിവർ മത്സരിക്കും.
സ്ഥാനാർഥികൾ എല്ലാവരും പുതുമുഖങ്ങളാണെന്നും സാമുദായിക ഘടകങ്ങൾ നോക്കുന്ന പാർട്ടിയല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. സാമുദായിക സമവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല സ്ഥാനാർഥി നിർണയം. എറണാകുളത്ത് സ്ഥാനാർഥിയുടെ സമുദായമല്ല നോക്കിയതെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെ ബാധിക്കില്ല. ശബരിമല ഇപ്പോൾ ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു. മരട് ഫ്ളാറ്റിൽ സുപ്രീംകോടതി വിധി നടപ്പാക്കും. അവിടെ താമസിക്കുന്നവർക്ക് മാനുഷിക പരിഗണന നൽകി മാറ്റി പാർപ്പിക്കുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു.
മഞ്ചേശ്വരത്ത് സി.എച്ച്.കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കുഞ്ഞമ്പു മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് ശങ്കർ റേയെ എൽഡിഎഫ് രംഗത്തിറക്കിയത്.