കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്നാം ദിനമായ ഇന്നലെയും ആരും പത്രിക സമർപ്പിച്ചില്ല. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ചയായതിനാൽ 29നും പത്രിക സ്വീകരിക്കില്ല.
വരണാധികാരിയായ റവന്യൂ റിക്കവറി ഡപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ കാക്കനാട് കളക്ടറേറ്റിലുള്ള ഓഫീസിലോ ഉപവരണാധികാരിയായ സിറ്റി റേഷനിംഗ് ഓഫീസർ കെ.പി. അശോകന്റെ എറണാകുളം നോർത്തിലെ ഓഫീസിലോ പത്രിക സമർപ്പിക്കാം.
അതിനിടെ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ആകെയുള്ള 135 സ്റ്റേഷനുകളിൽ 45 ഇടത്ത് പരിശോധന പൂർത്തിയായതായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ കണയന്നൂർ തഹസിൽദാർ ബീന. പി. ആനന്ദ് അറിയിച്ചു. വൈദ്യുതി, കുടിവെള്ളം, ഭിന്നശേഷിക്കാർക്കുള്ള റാന്പ് തുടങ്ങിയ സൗകര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കൊച്ചി നഗരസഭയിലും ചേരാനല്ലൂർ നഗരസഭയിലുമായി 53 പോളിംഗ് ലൊക്കേഷനുകളിലായി 135 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷൻ കുറുങ്കോട്ടയിലെ അങ്കണവാടിയാണ് (നന്പർ 21). ഇവിടെ 269 വോട്ടർമാർ മാത്രമാണുള്ളത്.
ഇതിൽ 140 പേർ സ്ത്രീകളാണ്. എളമക്കര ഐജിഎം പബ്ലിക് സ്ക്കൂളിലെ 42ാം നന്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ – 1451. ഇതിൽ 730 പേർ സ്ത്രീകളാണ്.