സ്വന്തം ലേഖകൻ
വിയ്യൂർ: പരിസ്ഥിതിയെ നശിപ്പിക്കുന്നതിലെ മുഖ്യ വില്ലനായ പ്ലാസ്റ്റിക്കിനെ ജയിലിലടച്ച് വിയ്യൂർ ജയിൽ അധികൃതർ. നാടുമുഴുവൻ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടം നടത്തുന്പോൾ ജയിൽവകുപ്പും പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധത്തിൽ അണിചേർന്നതിന്റെ വിജയലഹരിയിലാണ്.
വിയ്യൂർ സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് അടക്കമുള്ളവ വിതരണം ചെയ്യാൻ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് പകരം ന്യൂസ് പേപ്പർ കാരി ബാഗുകളാണ് ജയിലിലെ സെയിൽസ് കൗണ്ടറിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരക്കണക്കിന് ന്യൂസ് പേപ്പർ ബാഗുകളാണ് ഈ കൗണ്ടറിൽ നിന്നും ഫ്രീഡം ഫുഡ് ഉപഭോക്താക്കൾക്ക് നൽകിയത്.
രണ്ടു രൂപ നിരക്കിലാണ് ന്യൂസ് പേപ്പർ കാരി ബാഗുകൾ വിൽക്കുന്നത്. നിരവധിയാളുകൾ ഈ ബാഗുകൾ വാങ്ങാനായി മാത്രം ജയിൽ കൗണ്ടറിലെത്തുന്നുണ്ട്. ജയിൽ ഭക്ഷ്യോത്പന്നങ്ങളുടെ ഓണ്‍ലൈൻ വിൽപനയും ഇത്തരം കവറുകളിലാണ് നൽകുന്നത്.
ഫ്രീഡം പാർക്കിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വാഴയിലയിലാണ് ഭക്ഷണം നൽകുന്നത്.ആയിരക്കണക്കിന് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഈ ഒരു വർഷത്തിനിടെ കുറയ്ക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പരമാവധി പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കാരി ബാഗുകൾ പ്ലാസ്റ്റിക്കിൽ നിന്നും കടലാസാക്കിയത് അതിന്റെ മുന്നോടിയാണെന്നും പ്ലാസ്റ്റിക് ഒഴിവാക്കാൻ സാധിക്കുന്നിടത്തെല്ലാം ബദൽ മാർഗങ്ങൾ കണ്ടെത്തി അത് നടപ്പാക്കുമെന്നും ജയിൽ അധികൃതർ തറപ്പിച്ചു പറയുന്പോൾ വിയ്യൂർ ജയിലിനകത്തെ തടവറയിൽ നിന്ന് പ്ലാസ്റ്റിക് ഇനി പുറത്തിറങ്ങില്ലെന്നുറപ്പ്…ജാമ്യം പോലും കിട്ടില്ല…