ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന കരുനാഗപ്പള്ളി – കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കി. ചാത്തന്നൂർ ഡിപ്പോയുടെ വരുമാനത്തിൽ സിംഹഭാഗവും നേടികൊണ്ടിരുന്നത് ഈ ചെയിൻ സർവീസാണ്. കൊല്ലം, കരുനാഗപ്പള്ളി മേഖലയിലെ സ്വകാര്യ ബസപ്പടമകളെ സഹായിക്കാനാണ് ഈ നടപടിയെന്ന് ജീവനക്കാർ ആരോപിച്ചു.
കരുനാഗപ്പള്ളി – കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കിയിട്ട് സ്വകാര്യ ബസ് സർവീസ് കുറവായ കൊല്ലം – ആറ്റിങ്ങൽ റൂട്ടിലേക്ക് പുതിയ ചെയിൻ സർവീസ് ഇന്നലെ ആരംഭിച്ചു.നിരവധി കെ.എസ്.ആർ.ടി.സി.ബസുകൾ ഓടുന്ന ഈ റൂട്ടിലെ ചെയിൻ സർവീസ് ലാഭകരമാകാൻ സാധ്യത കുറവാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.
ചാത്തന്നൂർ ഡിപ്പോയിൽ നിന്നും ഏഴ് ബസുകളാണ് കരുനാഗപ്പള്ളി – കല്ലമ്പലം റൂട്ടിൽ ചെയിൻ സർവീസ് നടത്തിയിരുന്നത്.ഈ ചെയിൻ സർവീസ് പ്രതിദിനം ഒരു ലക്ഷത്തോളം രൂപ ക ള ക്ഷൻ നേടിയിരുന്നു.പി.എസ്.സി.പരീക്ഷ പോലുള്ള ദിവസങ്ങളിൽ ഓരോ ബസും 20000 രൂപയ്ക്ക് മേൽ നേടിയിരുന്നു.
ചാത്തന്നൂർ ഡിപ്പോയിലെ പ്രതിദിന വരുമാനം ആറ് ലക്ഷത്തോളം രൂപയാണ്.ഇതിൽ ഒരു ലക്ഷത്തോളം നേടിയിരുന്ന ചെയിൻ സർവീസാണ് നിർത്തലാക്കിയത്.പുതിയ കൊല്ലം-ആറ്റിങ്ങൽ ചെയിൻ സർവീസിന്റെ വരുമാനത്തെക്കുറിച്ച് ജീവനക്കാർക്ക് ആശങ്കയുണ്ട്.
സ്വകാര്യ സുടമകളെ സഹായിക്കാനാണ് കരുനാഗപ്പളളി.കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കിയതെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു.ചാത്തന്നൂർ ഡിപ്പോയിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധ പോസ്റ്ററുകൾ പതിച്ചു.
ചീഫ് ഓഫീസിൽ നിന്നുള്ള നിർദേശ പ്രകാരമാണ് കരുനാഗപ്പള്ളി -കല്ലമ്പലം ചെയിൻ സർവീസ് നിർത്തലാക്കിയതെന്നും കൊല്ലം-ആറ്റിങ്ങൽ സർവീസ് ആരംഭിച്ചതെന്നും ചാത്തന്നൂർ ഡിപ്പോ അധികൃതർ പറഞ്ഞു. സർവീസ് ആരംഭിച്ചതേയുള്ളൂ. വരുമാനത്തെക്കുറിച്ച് പറയാറായിട്ടില്ലെന്നും അവർ പറഞ്ഞു.