കോട്ടയം: പാലാ ഉപതെഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിനു കാർമൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. 8.30നു ആദ്യ ലീഡ് സൂചന ലഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളും തുടർന്നു ബൂത്ത് തിരിച്ചും എണ്ണും. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
പാലായിൽ ഇക്കുറി ജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാർഥി മാണി സി. കാപ്പൻ പറഞ്ഞു. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടും. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം പിന്തുണച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിഡിജെഎസിന്റെ വോട്ടും തനിക്ക് ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം കുറവായിരുന്നത് ആത്മവിശ്വാസം കൂട്ടുന്നതാണ്. യുഡിഎഫിന്റെ വോട്ടുകളാണ് ചെയ്യാതെപോയത്. ഇക്കുറി പതിനായിരം വോട്ടിനെങ്കിലും ജയിക്കുമെന്നും കാപ്പൻ പറഞ്ഞു.
എന്നാൽ കെ.എം മാണി തരംഗം ഉണ്ടാകുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പ്രതീക്ഷിക്കുന്നത്. മാണി തരംഗം ആഞ്ഞടിച്ചാൽ ഇത്തവണയും മണ്ഡലം നിലനിർത്താമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ജോസഫിന്റെ ഉടക്കൊന്നും ഫലം ചെയ്യില്ലെന്ന ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം.
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ജോസ് ടോം പറഞ്ഞു. പ്രതീക്ഷ അസ്ഥാനത്താവില്ല. യുഡിഎഫ് ഏകമനസോടെ പ്രവർത്തിച്ചു. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ജോസ് ടോം പറഞ്ഞു.
ആവേശ പോരാട്ടത്തിൽ 71.43 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1,79,107 വോട്ടർമാരിൽ 1,27,939 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 65,203 പേർ പുരുഷന്മാരും 62,736 പേർ സ്ത്രീകളുമാണ്. പുരുഷന്മാരിൽ 74.32 ശതമാനം പേരും സ്ത്രീകളിൽ 68.65 ശതമാനം പേരും വോട്ടു ചെയ്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.25 ശതമാനവും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്.