ആലുവ: വിവാഹ അഭ്യർഥന നിരസിച്ച വിദ്യാർഥിനിക്കു സഹപാഠിയുടെ മർദനം. ഇടതു ചെവിയുടെ കർണപടം പൊട്ടിയ നിലയിൽ ആലുവ രാജഗിരി ഹോസ്പിറ്റലിൽ എത്തിച്ച പെണ്‍കുട്ടിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. ഇടുക്കി തൊടുപുഴ വാഴത്തോപ്പ് സ്വദേശിയായ ഇരുപതുകാരിക്കു നേരെയാണു കോളജിൽവച്ച് മൃഗീയമായ ആക്രമണം ഉണ്ടായത്. തൊടുപുഴയിലെ ഒരു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണു പെണ്‍കുട്ടി.
സഹപാഠിയായ കന്പിളികണ്ടം സ്വദേശിക്കെതിരേയാണു പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്. ഉച്ചഭക്ഷണസമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്കു വിളിച്ചു കൊണ്ടുപോയി പെണ്‍കുട്ടിയെ മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മുഖത്ത് നിരവധി തവണ അടിയേറ്റു. ഷൂസിട്ട് ചവിട്ടുകയും കഴുത്തിനു പിടിച്ചു മതിലിൽ ചേർത്ത് ഉരയ്ക്കുകയും ചെയ്തു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസെടുത്ത് വിശദമായി അന്വേഷിക്കാൻ തയാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരിക്കുകയാണ്.
പെണ്‍കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയാലും പൂർണമായി കേൾവി ശക്തി തിരിച്ചു കിട്ടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. രാജഗിരി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത പെണ്‍കുട്ടി ഇപ്പോൾ എറണാകുളം ചിറ്റൂരിലുള്ള ബന്ധുവിന്റെ വീട്ടിലാണു കഴിയുന്നത്.