പത്തനംതിട്ട: ജനദ്രോഹനടപടികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അടിച്ചേല്പിച്ചും ജീവനക്കാരുടെ ശന്പള പരിഷ്കരണ നടപടികൾ അട്ടിമറിച്ചും സംസ്ഥാന സർക്കാർ ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് കെ.സി. ജോസഫ് എംഎൽഎ. കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലയുടെ 36ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശന്പള പരിഷ്കരണത്തിന്റെ നടപടികൾ സർക്കാർ അനിശ്ചിതമായി വൈകിപ്പിക്കുകയാണ്. ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം അവതാളത്തിലായിരിക്കുന്നു. അധികാരത്തിലേറിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം ജലരേഖയായി മാറിയിരിക്കുന്നു.
കിഫ്ബി ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിൽ ഓഡിറ്റിംഗ് ഏജൻസികളുടെ പരിശോധനയ്ക്ക് വിലക്ക് കല്പിക്കുന്നത് അഴിമതി നടത്താനുള്ള ഒരുദ്യേശത്തോടെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പ്രതിനിധി സമ്മേളനവും ജനറൽ സെക്രട്ടറി കെ.എ.മാത്യു സംഘടനാ ചർച്ചയും ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പി.മോഹൻരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി തുടങ്ങിയവർ പ്രസംഗിച്ചു.