സ്വന്തം ലേഖകൻ
തിരുവനന്തപുരം : റോഡ് ഷോയിലുടെ സ്ഥാനാർഥി വി.കെ.പ്രശാന്തിനെ വട്ടിയൂർക്കാവിനു പരിചയപ്പെടുത്തി സിപിഎം തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കം കുറിച്ചു. ഇന്നലെ മണ്ഡലത്തിൽ പേരൂർക്കട ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലായിരുന്നു തുറന്ന ജീപ്പിലൂടെയുള്ള പ്രശാന്തിന്റെ റോഡ് ഷോ.
രാഷ്ട്രീയ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു തിരുവനന്തപുരത്തിന്റെ സ്വന്തം മേയർ കൂടിയായ വി.കെ.പ്രശാന്ത്. സ്ഥാനാർഥിയായി വി.കെ.പ്രശാന്തിനെ ഇന്നലെയാണു സിപിഎം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ഡോ. കെ.മോഹൻകുമാറാണു യുഡിഎഫ് സ്ഥാനാർഥി. കമ്മീഷനംഗ സ്ഥാനം രാജിവയ്ക്കാൻ കെപിസിസി ഇന്നലെ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. എൻ.പീതാംബരക്കുറുപ്പ് സ്ഥനാർഥിയാകുമെന്നു കരുതിയിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ പ്രതിഷേധത്തെ തുടർന്നു അദ്ദേഹത്തെ പരിഗണിച്ചില്ല.
കെ.മുരളീധരൻ എംപിയെ അനുനയിപ്പിച്ചാണു മോഹൻകുമാറിനെ സ്ഥാനാർഥിയാക്കാൻ കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചത്. മണ്ഡലത്തിൽ സുപരിചിതനും ആരോപണങ്ങളൊന്നും കേൾപ്പിക്കാത്ത നേതാവെന്ന പ്രതിച്ഛായയും മോഹൻകുമാറിന് അനുകൂലമാകുമെന്നാണു പാർട്ടി നേതൃത്വം കരുതുന്നത്. യുഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ വ്യക്തത വന്നതോടെ മണ്ഡലത്തിലെ കോണ്ഗ്രസ് പ്രവർത്തകരും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായി.
ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ശശി തരൂരിനായി എഴുതിയ ചുവരുകളെല്ലാം ഇന്നലെ തന്നെ മോഹൻകുമാറിനായി എഴുതാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകർ ഏറ്റെടുത്തു. ഇതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രതീതി കൈവരുകയും ചെയ്തു. ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. കുമ്മനം രാജശേഖരൻ തന്നെയാണു സ്ഥാനാർഥിയാകാൻ സാധ്യത. കുമ്മനം കൂടി എത്തുന്നതോടെ മണ്ഡലം തീപാറുന്ന പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.