കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ അടുത്തയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപിച്ച അധികൃതർ പ്രതികളെന്നു കണ്ടെത്തിയവരുടെഇടപാടുകൾ ഉൾപ്പെടെ വിശദ വിവരങ്ങർ ശേഖരിച്ചുവരികയാണ്. കേസിൽ ഇനി നാലുപ്രതികൾ കൂടിയുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്.
ദുബായിലുള്ള ഏറ്റുമാനൂർ സ്വദേശി ജോഷിയാണു തട്ടിപ്പിന്റെ സൂത്രധാരൻ. മറ്റ് പ്രതികൾ കാഞ്ഞങ്ങാട് സ്വദേശികളാണ്. ഇവരുടെ നേതൃത്വത്തിലാണു തട്ടിപ്പ് അരങ്ങേറിയത്. കേസിൽ കഴിഞ്ഞ ദിവസം പിടികൂടി റിമാൻഡ് ചെയ്ത കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയെ (43) അടുത്ത ആഴ്ച കസ്റ്റഡിയിൽ വാങ്ങാനാണു പോലീസ് ഒരുങ്ങുന്നത്. ഇതിനായി ഇതിനോടകം കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചു.
67 പേരിൽനിന്നായി 2.18 കോടിയോളം രൂപയാണു പ്രതികൾ തട്ടിയെടുത്തത്. തട്ടിപ്പിനിരയായവരുടെ പരാതിയിലാണു എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. ഏറ്റുമാനൂർ സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് തട്ടിയെടുത്ത പണത്തിന്റെ കൂടുതൽ പങ്കും എത്തിയതെന്നാണു പോലീസ് നല്കുന്ന വിവരം.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചുവരുന്ന പോലീസ് മറ്റ് പ്രതികളെ ഉടൻ കുടുക്കുമെന്നും വ്യക്തമാക്കുന്നു. ഒരു പ്രെയർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടുകൊണ്ടായിരുന്നു പ്രതികളുടെ കബളിപ്പിക്കൽ. ഉദ്യോഗാർഥികളിൽനിന്ന് പലപ്പോഴായി ഇവർ പണം കവരുകയായിരുന്നു.
പ്രതി ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടിലെത്തിയതിനുശേഷം ജോലിക്കാര്യം പറയുന്പോൾ പലവിധ കാര്യങ്ങൾ പറഞ്ഞൊഴിയും. മാസങ്ങൾക്കുമുന്പ് പണം നൽകിയിട്ടും ഇതുവരെ ജോലി ലഭിക്കാതായതോടെയാണു ഉദ്യോഗാർഥികൾ പ്രതികൾക്കെതിരെ രംഗത്തെത്തിയത്.