എം.വി. വസന്ത്
തൃശൂർ: നൂറാംവയസിൽ തന്റെ തുടർച്ചയായ മുപ്പതാം ഹിമാലയൻ യാത്രയ്ക്കൊരുങ്ങി പി. ചിത്രൻ നന്പൂതിരിപ്പാട്. കന്യാകുമാരി നാഗർകോവിൽ ശാരദാശ്രമത്തിലെ തീർഥാടക സംഘത്തിനൊപ്പം ഇന്നു തൃശൂരിൽ നിന്നും യാത്ര പുറപ്പെടും. ഡൽഹി, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ തുടങ്ങി ഒരുമാസം നീളുന്ന യാത്ര. പതിനഞ്ചു ദിവസത്തോളം ഹിമാലയത്തിലുണ്ടാകും.
കൂടുതൽ തവണ പോയിട്ടുണ്ടെങ്കിലും ഇതു തുടർച്ചയായ മുപ്പതാം യാത്രയാണ്. ഹിമാലയത്തിനോടെന്നും കടുത്ത ലഹരിയാണ് നന്പൂതിരിപ്പാടിന്. അതുതന്നെയാണ് നൂറാംവയസിലെ ഈ യാത്രയ്ക്കു പിന്നിൽ. ഇത്തവണ നന്പൂതിരിപ്പാടിനൊപ്പം ദീപികയുമുണ്ട്. തന്നെക്കുറിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിനു ദീപിക സണ്ഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച “ഹിമാലയം എന്നാൽ ലഹരി’ എന്ന ലേഖനമാണ് നന്പൂതിരിപ്പാട് ഇത്തവണ കൂടെക്കൂട്ടുന്നത്.
ബദരീനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി – വാവൽജിക്കു സമർപ്പിക്കാനാണ് ലേഖനം കൊണ്ടുപോകുന്നത്. വാവൽജി പയ്യന്നൂർ സ്വദേശിയായ നന്പൂതിരിയാണ്. തുടർന്ന് വസിഷ്ഠഗുഹയിലെ ആശ്രമത്തിലെ നാരായണാനന്ദ സ്വാമിക്കും സമർപ്പിക്കും. ഇദ്ദേഹം ഗുരുവായൂർ സ്വദേശിയാണ്.
നൂറിന്റെ നിറവിലും ഉറച്ച മനസിന്റെ ഉടമയാണ് നന്പൂതിരിപ്പാട്. ആരോഗ്യകാര്യങ്ങളിൽ ചിട്ടയും നിഷ്കർഷയുമുണ്ട്. ദിവസവും യോഗാഭ്യാസം ചെയ്യും. ഭക്ഷണകാര്യങ്ങളിലെ കൃത്യത തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യം. ഉള്ളതുതന്നെ ധാരാളം എന്ന എളിമ തന്നെയാണ് ഇദ്ദേഹത്തിന്റെ ആരോഗ്യം.
അധ്യാപകൻ, പ്രധാനാധ്യാപകൻ എന്നീ നിലയിൽ തുടങ്ങി വിവിധയിടങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസാ സമിതിയംഗം, വിവിധ പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് അംഗവുമെല്ലാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
തൃശൂർ ചെന്പൂക്കാവിലെ മുക്തിയിൽ ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു. യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു നന്പൂതിരിപ്പാടും കൂട്ടരും. നേരിട്ട് ആശംസകൾ അറിയിക്കാനെത്തിയ പ്രമുഖർക്കു മുന്നിൽ പ്രസന്നവദനനായി നന്പൂതിരിപ്പാട് പറഞ്ഞു. വന്നിട്ടുകാണാം…