സ്വന്തം ലേഖകൻ
വിയ്യൂർ: സംസ്ഥാനത്തെ ജയിലുകളിലെ വിചാരണതടവുകാരുടെ ദിനചര്യകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ച് ഉത്തവെത്തി. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉത്തരവിട്ടത്. ശിക്ഷാത്തടവുകാർക്ക് ജോലികളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുള്ളപ്പോൾ വിചാരണത്തടവുകാർക്ക് ജയിലിനകത്ത് ശാരീരിക വ്യായമത്തിനോ മാനസിക സംഘർഷ ലഘൂകരണത്തിനോ സാഹചര്യങ്ങളില്ലെന്നതുകൊണ്ടാണ് ജയിൽ ഡിജിപി വിചാരണത്തടവുകാരുടെ ദിനചര്യകൾക്ക് സമയക്രമവും മറ്റും നിശ്ചയിച്ചത്.
ജോലികളിൽ ഏർപ്പെടാത്ത തടവുകാർക്കും ഇത് ബാധകമായിരിക്കും. സംസ്ഥാനത്തെ ജയിലുകളിൽ 7395 അന്തേവാസികളാണുള്ളത്. അണ്‍ലോക്കിന് ശേഷം വൈകീട്ട് ലോക്കപ്പ് അടയ്ക്കുംവരെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.രാവിലെ ആറിനും ഏഴിനുമിടയിൽ അണ്‍ലോക്കിംഗ് അഥവാ സെൽ തുറക്കൽ. ഈ സമയത്തിനിടെ പ്രഭാതഭക്ഷണമായി ചായ നൽകും.
രാവിലെ ഏഴു മുതൽ എട്ടുവരെ ഫിസിക്കൽ ട്രെയിനിംഗാണ്.എട്ടു മുതൽ ഒന്പതുവരെ പ്രഭാത ഭക്ഷണ സമയമാണ്. കുളിക്കാനും മറ്റുമുള്ള സമയം കൂടിയാണിത്. ഒന്‍പതു മുതൽ 11 വരെ ബോധവത്കരണ ക്ലാസുകൾ നൽകും.11 നും 11.30നും മധ്യേ ഉച്ചയ്ക്കുള്ള എണ്ണമെടുക്കൽ നടക്കും.പതിനൊന്നരയ്ക്കും രണ്ടരയ്ക്കുമിടയിൽ ഉച്ചഭക്ഷണവും വിശ്രമസമയവുമാണ്.2.30 മുതൽ വൈകീട്ട് നാലുവരെ ഗസ്റ്റർ ലക്ചർ ക്ലാസ്, ഷോർട്ട് ഫിലിം, ടിവി കാണൽ, മോറൽ ക്ലാസ് എന്നിവയ്ക്കു ശേഷം ചായ നൽകും.
വൈകീട്ട് നാലു മുതൽ അഞ്ചുവരെ യോഗ ക്ലാസാണ്.അഞ്ചിനും 5.45നുമിടയിൽ അത്താഴം നൽകും. 5.45നും ആറിനുമിടയിൽ തടവുകാരെ സെല്ലിലാക്കി ലോക്കപ്പ് അടയ്ക്കും. ഫിസിക്കൽ ട്രെയിനിംഗ് വാം അപോടെ തുടങ്ങി ജോഗിംഗ്, ഓട്ടം, ശ്വസനപരിശീലനം എന്നിവയിലൂടെയെല്ലാം കടന്നുപോകുന്നുണ്ട്.