കണ്ണൂർ: ഒരു ലിറ്റർ പാലിന് നാലു രൂപ വർധിപ്പിച്ചത് മിൽമയ്ക്കോ ക്ഷീരസഹകരണ സംഘങ്ങൾക്കോ ലാഭമുണ്ടാക്കാനല്ലെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടിയാണെന്നും മന്ത്രി രാജു. കണ്ണൂരിൽ മൃഗസംരക്ഷണവകുപ്പിന്റെ മേഖല രോഗനിർണയ ലബോറട്ടറി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരു ലിറ്ററിന് നാലു രൂപ വർധിപ്പിച്ചപ്പോൾ ക്ഷീരകർഷകനു 3.35 രൂപയാണ് അധികമായി ലഭിക്കുന്നത്. ഇതു കർഷകർക്കു ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇന്ന് പാലുത്പാദന കാര്യത്തിൽ സ്വയം പര്യാപ്തതയിലേക്കു നീങ്ങുകയാണ്. സംസ്ഥാനത്തിന് ആവശ്യമായ പാലിന്റെ 83 ശതമാനം ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് വലിയ നേട്ടമാണ്. 2012 ലെ സെൻസസ് അനുസരിച്ച് 2007 ലെ സെൻസസിനേക്കാളും കന്നുകാലികളുടെ എണ്ണത്തിൽ 23 ശതമാനത്തോളം കുറവുണ്ടായിരുന്നു.
എന്നാൽ 2019 ൽ നടത്തിയ ദേശീയ സെൻസസ് പ്രകാരം കേരളത്തിൽ നേരത്തെയുണ്ടായിരുന്ന കന്നുകാലി സന്പത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഇത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകർക്കും കോഴി വളർത്തുകാർക്കും മറ്റു വളർത്തു മൃഗ-പക്ഷികൾക്കും ഉണ്ടാകുന്ന രോഗങ്ങൾ എളുപ്പം കണ്ടെത്താനും പരിഹരിക്കാനും പുതുതായി ആരംഭിച്ച മേഖല രോഗനിർണയ ലബോറട്ടറിയിലൂടെ കഴിയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.വി. മുക്ത, മൃഗസംരക്ഷ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ്, മേയർ സുമാ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, കൗൺസിലർ ലിഷ ദീപക്, ഡോ. പി. മഹമൂദ്, ഡോ. എം.പി. ഗിരീഷ് ബാബു, ഡോ. സി.പി. പ്രസാദ്, ഡോ. കൽപന, ഡോ. സി. സിദ്ദീഖ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ ഡോക്ടർമാരെയും ജീവനക്കാരെയും മന്ത്രി ആദരിച്ചു.