സ്വന്തം ലേഖകന്‍
കോഴിക്കോട്: പാലായില്‍ തൊടാതെ ബിജെപി ഉപതെരഞ്ഞെുപ്പ് ചൂടിലേക്ക്. പാലാ തെരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടിന്റെ കുറവുണ്ടായത് വലിയ കാര്യമാക്കേണ്ടെന്നും ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന വട്ടിയുര്‍ക്കാവിലും മഞ്ചേശ്വരത്തും ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള “രാഷ്ട്രദീപിക’യോട് പറഞ്ഞു.
നിലവില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് “വാട്ടര്‍ ലൂ’ ആയിരിക്കുകയാണ് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ വലിയ മാറ്റങ്ങള്‍ക്കായിരിക്കും അത് വഴിയൊരുക്കുക. ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ നേതൃത്വമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
അതുകൊണ്ടുതന്നെയാണ് ഏറ്റവും ശക്തരായ നേതാക്കളെ തന്നെ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും രംഗത്തിറക്കാന്‍ പാര്‍ട്ടി ആേലാചിക്കുന്നത്. വട്ടിയൂര്‍ക്കാവ് (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂര്‍ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസര്‍കോട്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് താത്പര്യമില്ലെങ്കിലും സംസ്ഥാന പ്രസിഡന്റ് എന്നനിലയില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കാനാണ് ശ്രീധരന് പിള്ള ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.
അതേസമയം പാലാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ചയുണ്ടായത് തത്ക്കാലം ചര്‍ച്ചയാക്കേണ്ടെന്നാണ് തീരുമാനം. ബിജെപിക്ക് വലിയ വേരോട്ടമുള്ള സ്ഥലമല്ല പാലായെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. പാലായെ ഒരിക്കലും കേരള രാഷ്ട്രീയത്തിലെ ഒരരകല്ലായി കാണാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള പറയുന്നു.
കെ.എം.മാണിയെപോലെ ഒരാള്‍ തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലത്തില്‍ മുന്നണിയായി മത്സരിച്ചപ്പോള്‍ മാത്രമാണ് ബിജെപിക്ക് വോട്ട് വിഹിതം കൂട്ടാനായതെന്നും അദ്ദേഹം പറയുന്നു.