ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്ക് മോഷണം പോയ സംഭവം വിവാദമായതോടെ പരാതിക്കെതിരേ വീണ്ടും പരാതി. പാർട്ട് ടൈം ജീവനക്കാർക്കെതിരേ പോലീസിൽ പരാതി നൽകിയ ഹെൽത്ത് സൂപ്പർവൈസർക്കെതിരേ ഒരു പാർട്ട് ടൈം ജീവനക്കാരൻ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. മോഹനൻ എന്ന ജീവനക്കാരനാണ് പരാതി നൽകിയത്.
ചെയ്യാത്ത കുറ്റത്തിന് തന്നെ പോലീസ് സ്റ്റേഷനിൽ കയറ്റുകയും മോഷ്ടാവാണെന്ന രീതിയിൽ മറ്റുള്ളവരുടെ മുന്നിൽ വച്ച് പോലീസ് സംസാരിച്ചത് തനിക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കിയെന്നും അതിനാൽ പോലീസിൽ പരാതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയ പരാതിയിൽ പറയുന്നത്. തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് ജീവനക്കാരൻ ആരോപിക്കുന്നു.
രണ്ടു വർഷം പഴക്കമുള്ള ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരുടെ ഹാജർ ബുക്കാണ് ഒരു മാസം മുൻപ് കാണാതായത്. ഹാജർ ബുക്ക് സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തെ വീഴ്ച മറ്റ് ജീവനക്കാരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം.
26 പേർക്കെതിരെയും പരാതി നൽകാതെ ഉദ്യോഗസ്ഥൻ സംശയിക്കുന്ന ദിവസത്തിൽ ഫയൽ സൂക്ഷിക്കുന്ന മുറിയിൽ കയറിയവരെ മാത്രം സി സി ടി വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ് പരാതി നൽകിയിരുന്നെങ്കിൽ മുഴുവൻ പാർട്ട് ടൈം ജീവനക്കാരും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
മാത്രവുമല്ല, കോളജ് പ്രിൻസിപ്പലിന് ഒരു പരാതി നൽകി പരിഹരിക്കാമായിരുന്നു. ഇതിനു പകരം സർവീസിൽ നിന്ന് പിരിഞ്ഞു പോകുവാൻ ഏതാനും വർഷം മാത്രമുള്ളവരെ മോഷണക്കുറ്റം ചുമത്തി പുറത്താക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടി അപലപനീയമാണെന്നും ഇതിനെതിരേ മറ്റുള്ള ജീവനക്കാരുടെ സഹായവും ഇടപെടലും ഉണ്ടാകണമെന്നും പാർട്ട് ടൈം ജീവനക്കാർ ആവശ്യപ്പെടുന്നു.