ആലപ്പുഴ: വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 2500 കിലോ റേഷൻ അരിയും പ്ലാസ്റ്റിക് ചാക്ക് സിൽ ചെയ്യാൻ ഉപയോഗിച്ച മെഷീനും അന്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസർ എ.സലിംമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ആലപ്പുഴ ഇന്ദിര ജംഗ്ഷന് സമീപം കുര്യന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് 51 ചാക്കിൽ നിറച്ച് സപ്ലൈകോ ലേബലിലുള്ള ചണ ചാക്കിലും പ്ലാസ്റ്റിക് ചാക്കിലുമായാണ് അരി സൂക്ഷിച്ചിരുന്നത്.
ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു റെയിഡ്. കുത്തരി ചണചാക്കിൽ നിന്ന് വിവിധ കന്പനികളുടെ ലേബലുള്ള പ്ലാസ്റ്റിക് ചാക്കിൽ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അരിവാങ്ങിയത് സംബന്ധിച്ച് യാതൊരു വിധ രേഖകളും ഇല്ലാത്തതിനാൽ മുഴുവൻ അരിയും യന്ത്രങ്ങളും പരിശോധനാ സംഘം കസ്റ്റഡിയിൽ എടുത്തു.
പിടിച്ചെടുത്ത അരിയും ഇലക്ട്രിക് മെഷീനും പിഡിഎസ് ഡിപ്പോയിൽ ഏല്പിച്ചു. കളക്ടറുടെ ഉത്തരവ് ലഭിക്കും വരെ ഗോഡൗണിൽ സൂക്ഷിക്കും. പരിശോധനക്ക് റേഷനിംഗ് ഇൻസ് പെക്ടർമാരായ എസ്.ഗീത, എം.സഞ്ജു ,ജെ.ജയേഷ് ,കെ.മിനിമോൾ എന്നിവർ നേതൃത്വം നൽകി.