മുക്കം: കഴിഞ്ഞദിവസം മുക്കം മണാശ്ശേരിയിൽ വെച്ച് ടിപ്പർ ഡ്രൈവറുടെ തലക്കടിച്ച് മാലയും മൊബൈൽ ഫോണും കവർന്ന കേസിൽ പിടികൂടിയ പ്രതിയെ റിമാന്ഡ് ചെയ്തു. താമരശേരി കോടതിയാണ് വല്ലിപടിക്കൽ മീത്തൽ കുന്നത്തറ കനൂർ സ്വദേശി ശരൺ ജിത്തിനെയാണ് റിമാൻഡ് ചെയ്തത് . ഇന്നലെ ഉച്ചയോടെ ഓമശ്ശേരി ബസ് സ്റ്റാന്ഡിൽവച്ചാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയെ തുടർന്നായിരുന്നു അറസ്റ്റ് .
കേസിലെ ബാക്കി മൂന്നു പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 6.15 ഓടെ മണാശ്ശേരിക്കും കരിയാകുളങ്ങരക്കുമിടയിൽവച്ചാണ് സംഭവം. ചാത്തമംഗലത്ത് നിന്ന് മുക്കം ഭാഗത്തെ ക്വാറിയിലേക്ക് ലോഡ് എടുക്കാനായി വരികയായിരുന്ന ചാത്തമംഗലം പാലപ്രമീത്തൽ ബൈജുവിനെ കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവരുകയായിരുന്നു.
ടിപ്പറിനെ ഓവർ ടേക്ക് ചെയ്ത ശേഷം ടിപ്പറിന്റെ ഓയിൽ ലീക്കാണെന്ന് പറഞ്ഞ് തടഞ്ഞ് നിർത്തിതിയായിരുന്നു കവർച്ച. വാഹനത്തിന്റെ ഓയിൽ ടാങ്ക് പരിശോധിക്കുന്നതിനിടെ തലക്കടിച്ചു വീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു .
സ്വർണവും ഫോണുമായി കടന്ന് കളഞ്ഞ മോഷ്ടാക്കൾ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനത്തേയും തട്ടിയിട്ടാണ് രക്ഷപ്പെട്ടത് . ബൈക്ക് യാത്രക്കാരായ മണാശ്ശേരികയ്യേരിക്കൽ സ്വദേശി രാജേഷ്, ഭാര്യ അനില,മക്കൾ എന്നിവർക്കും പരിക്കേറ്റിരുന്നു.
പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ ബൈജുവിന് ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തിന് സഹായകരമായത്.
മുക്കം എസ്ഐ സാജിദ്, എ എസ് ഐ സലിം സലീം മുട്ടത്ത്, സിപിഒമാരായ റഹീം, ഉജേഷ് , ലിനീഷ് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.