മുക്കം: മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലുൾപ്പെടെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ലാബ് ടെസ്റ്റുകൾക്ക് സ്വകാര്യ ലാബുകളിലേതിനേക്കാൾ ചാർജ് ഈടാക്കാൻ തീരുമാനമെടുത്തത് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ. ലാബിലേതടക്കം ആശുപത്രിയുടെ നടത്തിപ്പിനുള്ള ഭീമമായ സംഖ്യയും ജീവനക്കാർക്ക് ശമ്പളം നൽകാനുമെന്നുള്ള പേരിലാണ് വർധനയെങ്കിലും പാവപ്പെട്ട രോഗികളെ സംബസിച്ച് ഇത് വലിയ തിരിച്ചടിയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും ലാബ് ടെസ്റ്റിന് അധികചാർജ് ഈടാക്കുന്നത് എച്ച്എംസി തീരുമാനപ്രകാരമാണ്. പ്രത്യേക അജണ്ട വെച്ച് മീറ്റിംഗ് നടത്തിയായിരുന്നു തീരുമാനം. നിരവധി പേർ അംഗങ്ങളായുള്ള ഈ കമ്മറ്റിയിൽ ഒരാൾ പോലും വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ചെയർമാനും ആരോഗ്യ സ്റ്റാന്ഡിംഗ കമ്മറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ വൈസ് ചെയർമാനുമായ എച്ച്എംസി കമ്മറ്റിയിൽ ധനകാര്യ, പൊതുമരാമത്ത് സ്റ്റാന്ഡിംഗ കമ്മറ്റി അധ്യക്ഷൻ മാർക്ക് പുറമെ വാർഡ് കൗൺസിലർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ അംഗങ്ങളാണ്.
എന്നാൽ കോൺഗ്രസ്, ബിജെപി, പ്രതിനിധികളോ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സന്നദ്ധ സംഘടനകളോ തീരുമാനത്തെ എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്. ലാബ് ചാർജ് വർധിപ്പിച്ച നടപടിക്കെതിരെയൂത്ത് കോൺഗ്രസ് നേതാവ് ജുനൈദ് പാണ്ടികശാല ജില്ലാ കളക്ടർക്കും ജില്ല മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയെങ്കിലും ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ തീരുമാനമായതിനാൽ ഇടപെടാനാവില്ല എന്ന അറിയിപ്പാണ് ലഭിച്ചത്.
അതേ സമയം ജുനൈദിന്റെ പാർട്ടി അംഗം പോലും തീരുമാനത്തെ എതിർത്തില്ല എന്നതും ശ്രദ്ധേയമാണ്. ലാബിൽ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളമുൾപ്പെടെ നൽകുന്നതിനായാണ് ചാർജ് വർധിപ്പിച്ചതെന്ന് എച്ച്എംസി വൈസ് ചെയർമാൻ പി. പ്രശോഭ്കുമാർ രാഷ്ട്രദീപിക യോട് പറഞ്ഞു.
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണങ്കിലും ലാബ് ടെസ്റ്റുകൾക്ക് ഈടാക്കുന്നത് വൻ തുകയെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പകർച്ചപ്പനി ഉൾപ്പെടെ വ്യാപകമായ ഈ സമയത്ത്ഇതോടെ നിരവധി പാവപ്പെട്ട രോഗികളാണ് ദുരിതം സഹിക്കുന്നത്. സർക്കാർ ആശുപത്രിയിൽ ലാബ് ടെസ്റ്റുറുകൾക്ക് സ്വകാര്യ ലാബിലെക്കാൾ കൂടുതൽതുക ഈടാക്കുന്ന മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെതിരെ പ്രതിഷേധവും ഉയർന്ന് തുടങ്ങിയിട്ടുണ്ട്.
മിക്ക ആളുകളും പതിവായി ടെസ്റ്റ്ചെയ്യുന്ന ഷുഗർ ഇവിടെ ടെസ്റ്റ് ചെയ്യുന്നവർ കൊടുക്കേണ്ടി വരുന്നത് 20 രൂപയാണങ്കിൽ പുറത്തുള്ള സ്വകാര്യനീതി മെഡിക്കൽ ലാബിൽ 10 രൂപ നൽകിയാൽ മതി. കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യുന്നതിനാണെങ്കിൽ പുറത്ത് 20 രൂപ വാങ്ങുമ്പോൾ സി എച്ച് സി യിൽ വാങ്ങുന്നത് 40 രൂപ.രണ്ടിനും നീതി ലാബിനെക്കാൾ ഇരട്ടി ഫീസ്.എലിപ്പനിക്കുള്ള ലെപ്റ്റോ കാർഡ് ടെസ്റ്റിന് സ്വകാര്യ ലാബിലെ അതേ നിരക്കായ 350 രൂപ സിഎച്ച്സി യിലും നൽകണം.
യൂറിക് ആസിഡ് ടെസ്റ്റിന് പുറത്ത് 50 രൂപയാണങ്കിൽ സിഎച്ച്സി യിൽ 70 രൂപ നൽകണം. ലിവറിൽ അണുബാധയിറയുന്ന എസ്ജിപിടി ടെസ്റ്റിനും 20 രൂപയുടെ വ്യത്യാസം. പുറത്ത് 50 രൂപയാണങ്കിൽ സിഎച്ച്സി ലാബിൽ 70 രൂപ. മഞ്ഞപ്പിത്തമറിയാനുള്ള ബിൽ റുബിൻ ടെസ്റ്റിന് പുറത്തെ അതേ നിരക്കായ 50 രൂപ നൽകണം. ലിവർ ഫംഗ്ഷൻ ടെസ്റ്റായ എൽ.എഫ്.ടിക്ക് നീതി ലാബിൽ 200 രൂപ നൽകുമ്പോൾ സി.എച്ച്.സി യിൽ ഈടാക്കുന്നത് 350 രൂപ.
ഇതേ അനുപാതത്തിലല്ലെങ്കിലും മറ്റ് ലാബ് ടസ്റ്റുകൾക്കും ഇവിടെ സ്വകാര്യ ലാബിനെക്കാൾ ഫീസാണ് ഈടാക്കുന്നത്. സ്വകാര്യ ചികിത്സയ്ക്ക് പോകാൻ പണമില്ലാതെ സർക്കാർ സ്ഥാപനം തേടിയെത്തുന്ന ആദിവാസികളും നിർധനരുമടക്കമുള്ള പാവങ്ങളാണ് “ധർമ്മാശുപത്രി “യുടെ ഈ കൊള്ളയ്ക്ക് ഇരയാവുന്നത്.