മാഹി: തന്നെ ചിലർ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിൽ പരാതിക്കാരനെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. പന്തക്കൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുന്നത്താംപറന്പിൽ ബിജു (38)വിനെയാണ് പള്ളൂർ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. പരാതി സംബന്ധിച്ച് ദുരൂഹതയുള്ള സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ബിജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്പതിന് ബിജു സഞ്ചരിച്ച സ്കൂട്ടറിനു നേരെ ഒരു സംഘം ബോംബെറിഞ്ഞെന്നായിരുന്നു പരാതി. ഇതേ തുടർന്ന് സിപിഎം പള്ളൂർ ലോക്കൽ കമ്മിറ്റി പന്തോക്കാട്ടിൽ പൊതുയോഗവും പ്രകടനവും നടത്തിയിരുന്നു. മറ്റു രണ്ടു സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.