ഇൻഡോർ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്നു മധ്യപ്രദേശിൽ യുവാവും കുടുംബവും ജീവനൊടുക്കി. അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്സേന, ഇവരുടെ ഇരട്ടക്കുട്ടികളായ അദ്വിത്, അനന്യ എന്നിവരെയാണ് ഇൻഡോറിലെ ഖുഡേൽ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച റിസോർട്ടിലെത്തിയ ഇവരെ വ്യാഴാഴ്ച വൈകിട്ടും പുറത്തേക്കു കാണാതിരുന്നതിനെ തുടർന്നു ജീവനക്കാർ അകത്തുകയറി നോക്കിയപ്പോഴാണ് അഭിഷേകിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കണ്ടത്. പോലീസെത്തി നടത്തിയ പരിശോധനയിൽ വിഷം അടങ്ങിയ കുപ്പി മുറിയിൽനിന്നു കണ്ടെത്തി.
മക്കൾക്കു വിഷം നൽകിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി എന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാകുമെന്നും പോലീസ് വ്യക്തമാക്കി. ജീവനൊടുക്കാൻ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് അഭിഷേക് ഓണ്‍ലൈനായാണു വാങ്ങിയതെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
നാലു വർഷം മുന്‍പാണു ഡൽഹിയിലെ ദ്വാരകയിൽനിന്നു കുടുംബം ഇൻഡോറിലേക്കു മാറിയത്. പലാസിയയിലെ ഒരു സോഫ്റ്റ്വെയർ കന്പനിയിലായിരുന്നു അഭിഷേകിനു ജോലി. അടുത്തിടെ അഭിഷേകിനു ജോലി നഷ്ടപ്പെട്ടു. ഇതേതുടർന്ന് അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഒരു ഇ-കൊമേഴ്സ് കന്പനിയിലായിരുന്നു പ്രീതിക്കു ജോലി.
ഓണ്‍ലൈൻ വ്യാപാരം നടത്തിയിരുന്ന അഭിഷേകിനു നഷ്ടമുണ്ടായെന്നും ഇതും ജീവനൊടുക്കലിനു കാരണമായെന്നും പോലീസ് കരുതുന്നു. അഭിഷേകിന്റെ ലാപ്ടോപും മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ-മെയിലുകളും പോലീസ് പരിശോധിച്ചു വരികയാണ്.