തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണു കുമ്മനത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
മത്സരിക്കാൻ കുമ്മനം സമ്മതം അറിയിച്ചതായി രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുള്ള കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂർക്കാവിലെത്തുമെന്നും പ്രചാരണം തുടങ്ങുമെന്നും രാജഗോപാൽ പറഞ്ഞു.
2016 നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിന്റെ കെ. മുരളീധരൻ കുമ്മനത്തെ പരാജയപ്പെടുത്തി. 32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിനു ലഭിച്ചത്. സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ഇക്കുറി കെ. മോഹൻകുമാറാണു വട്ടിയൂർക്കാവിൽ കോണ്‍ഗ്രസ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് മത്സരിക്കും. കെ. മുരളീധരൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണു വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.