രാജകുമാരി: ആനയിറങ്കലിലും പരിസരപ്രദേശത്തും വീടുകൾക്കും കടകൾക്കും സമീപം ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടങ്ങൾ നാട്ടുകാരുടെ പൊറുതിമുട്ടിക്കുന്നു. വിവിധ സംഘങ്ങളായി പതിനൊന്നോളം കാട്ടാനകളാണ് ഇന്നലെ രാവിലെ ആനയിറങ്കലിൽ എത്തിയത്. കടകൾക്ക് സമീപംവരെ എത്തിയ ഇവയെ പടക്കങ്ങൾ പൊട്ടിച്ചും ഒച്ചയിട്ടുമാണ് നാട്ടുകാർ അകറ്റിയത്.
നാലു പിടിയാനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന സംഘം തേയിലത്തോട്ടത്തിലൂടെയാണ് കടകൾക്കുസമീപം എത്തിയത്. ആക്രമണകാരികളായ ഒറ്റയാൻമാർ ഉൾപ്പെടെയുള്ളവ എസ്റ്റേറ്റുകളുടെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്.
ഭയപ്പാടോടെയാണ് തേയിലത്തോട്ടങ്ങളിലും ഏലത്തോട്ടങ്ങളിലും തൊഴിലാളികൾ ജോലിചെയ്യുന്നത്. രാത്രിയാകുന്നതോടെ ഇവ വീടുകൾക്ക് സമീപം എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പൂപ്പാറയ്ക്കുസമീപം പുലിക്കാട്, 301 കോളനി, ചെന്പകത്തൊഴുക്കുടി, അരമനപ്പാറ, സിമന്റ്പാലം, കോഴിപ്പന്നക്കുടി, പുതുപ്പാറ, ബി. എൽ റാം, ശങ്കരപാണ്ടിമെട്ട്, ഹല്ലേലൂയാ എസ്റ്റേറ്റ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം ആഴ്ചകളായി കാട്ടാനകൾ കറങ്ങിനടക്കുകയാണ്.
ജനങ്ങൾ ഓടിക്കുന്പോൾ ഏതെങ്കിലും സ്ഥലത്ത് ഒത്തുകൂടുന്ന ഇവ ഒരുമിച്ച് അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുകയാണ് പതിവ്. ഇന്നലെ രാവിലെ പലയിടങ്ങളിൽനിന്നും നാട്ടുകാർ ഓടിച്ച 16 ആനകൾ ഉച്ചകഴിഞ്ഞതോടെ ആനയിറങ്കൽ ബോട്ട് ലാൻഡിംഗിന് സമീപത്തേക്ക് മാറി നിലയുറപ്പിച്ചിരിക്കുകയാണ്. രാത്രിയിൽ കാർഷിക മേഖലയിലേക്ക് ഇറങ്ങുന്ന ഇവ വാഴയും കുരുമുളകും ഏലവും ഉൾപ്പെടെയുള്ള വിളകൾ നശിപ്പിക്കുകയാണ്. വനംവകുപ്പ് വാച്ചർമാർ സംഘങ്ങളെ പിൻതുടരുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.