തിരുവനന്തപുരം: സീരിയലിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന നടിയുടെ പരാതിയിൽ ഇടപെട്ട് വനിതാ കമ്മീഷൻ. പ്രതിഫലത്തുക മുഴുവൻ ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ ഹാജരാക്കി നടിക്ക് നൽകണമെന്ന് വനിതാ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിൽ വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാലാണ് ഉത്തരവ് നൽകിയത്. സീരിയൽ നഷ്ടമായിരുന്നുവെന്ന് വാദിച്ചാണ് സംവിധായകൻ പണം നൽകാതെയിരുന്നത്.
രണ്ടര വർഷമായിട്ടും പണം നൽകാതിരുന്നതിനെത്തുടർന്നാണ് കമ്മീഷനെ സമീപിച്ചതെന്ന് നടി പറഞ്ഞു. ധാരണയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ഭാര്യയുടെ ഗർഭം സംബന്ധിച്ച് വിവരാവകാശം ശേഖരിച്ച് ഭർത്താവ് കമ്മീഷനിൽ ഹാജരാക്കിയ വിചിത്ര സംഭവവും കമ്മീഷൻ അദാലത്തിലുണ്ടായി.
താൻ പതിമൂന്ന് മാസം ഗർഭിണിയാണെന്നും പ്രാർഥനയിലൂടെയാണ് താൻ ഗർഭിണിയാണെന്ന ദർശനം ലഭിച്ചതെന്നും മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ പറഞ്ഞപ്പോൾ വേറെ വഴിയില്ലാതെയാണ് താൻ ഗർഭം സംബന്ധിച്ച് ആശുപത്രിയിൽ നിന്നും വിവരാവകാശം തേടിയതെന്ന് ഭർത്താവ് കമ്മീഷനെ അറിയിച്ചു.
ഭാര്യ ഫൈബ്രോയിഡ് അസുഖത്തിന് ചികിത്സയിലാണെന്നും അമിത ഭക്തി കാരണം ഗർഭിണിയാണെന്ന് വിശ്വസിച്ച് ജീവിക്കുകയാണെന്നും അന്ധവിശ്വാസത്തിന് അടിമയായ ഭാര്യയോടൊപ്പം ജീവിക്കാനാവില്ലെന്നും ഭർത്താവ് കമ്മീഷനെ ബോധിപ്പിച്ചു. വിദ്യാസന്പന്നരായവർ പോലും അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് കുടുംബം തകരുന്ന പ്രവണത കൂടിവരികയാണെന്ന് ഡോ. ഷാഹിദാ കമാൽ പറഞ്ഞു.
വർക്കല ഹോമിയോ ആശുപത്രിയിലെ തൊഴിൽ പീഡനം സംബന്ധിച്ച് ആറ്റിങ്ങൽ, കൊല്ലം പോലീസ് സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മീഷൻ അംഗം ഇ. എം.രാധ പറഞ്ഞു. പരാതിക്കാരിയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുളള ഭാര്യാഭർത്താക്കൻമാർ തമ്മിലുളള തർക്കങ്ങൾ പരിഹരിക്കാനാവാത്ത വിധം വർധിക്കുകയാണെന്ന് കമ്മീഷൻ വിലയിരുത്തി.
152 പവൻ സ്വർണവും ഏഴര സെന്റ് സ്ഥലവും കാറും സ്ത്രീധനമായി നൽകി ബിടെക് എംബിഎ യോഗ്യതയുള്ള ബാങ്ക് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച ബിടെക് ബിരുദദാരിയായ യുവതിയെ മുറിക്കകത്ത് ഭർതൃവീട്ടുകാർ പൂട്ടിയിടുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളോട് അടുത്ത അദാലത്തിൽ ഹാജരാവാൻ കമ്മീഷൻ ഉത്തരവിട്ടു.
അദാലത്തിൽ 345 കേസുകൾ പരിഗണിച്ചു. 129 കേസുകൾ തീർപ്പാക്കി. ഏഴ് കേസുകളിൽ കൗണ്സലിംഗ് നടത്തും. 13 കേസുകളിൽ റിപ്പോർട്ട് തേടി. 196 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.