തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കുന്ന തിരക്കിൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറും എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തും പത്രിക സമർപ്പിച്ചു. വി.എം.സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ പത്രിക സമർപ്പിക്കാൻ യുഡിഎഫ് സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും കെ.മുരളീധരന്റെ അസാന്നിധ്യം ശ്രദ്ധേയമായി. എൻ.പീതാംബരക്കുറുപ്പിനെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കണമെന്ന മുരളീധരന്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് മോഹൻകുമാർ സ്ഥാനാർഥിയായത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം എത്തിയാണ് വി.കെ.പ്രശാന്ത് പത്രിക സമർപ്പിച്ചത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ്, എൽഡിഎഫ് സ്ഥാനാർഥി മനു റോയ് തുടങ്ങിയവരും പത്രിക സമർപ്പിച്ചു.
ഹൈബി ഈഡൻ എംപി, വി.ഡി.സതീശൻ എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കൊപ്പം എത്തിയാണ് വിനോദ് പത്രിക സമർപ്പിച്ചത്. കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി പി.മോഹൻരാജും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, സ്ഥാനാർഥിയായി അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്റർ തുടങ്ങിയ നേതാക്കളും യുഡിഎഫ് സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാറും പത്രിക സമർപ്പിച്ചു.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എം.സി.കമറുദ്ദീനും എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റേയും എൻഡിഎ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറും പത്രിക സമർപ്പിച്ചു. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ പത്രിക നൽകി. മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമെത്തിയായിരുന്നു പത്രിക സമർപ്പണം.
ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കുക. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട്.