സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിന് പുറത്തുള്ള ഏത് എൻട്രൻസ് പരീക്ഷയും ലക്ഷങ്ങൾ വീശിയെറിഞ്ഞാൽ പാസാക്കി തരാൻ കെൽപുള്ള എൻട്രൻസ് മാഫിയ തമിഴ്നാട്ടിൽ ശക്തം. നീറ്റ് പ്രവേശന പരീക്ഷയിലെ ആൾമാറാട്ടക്കേസിൽ പിടിയിലായവർ നൽകുന്ന സൂചന ഈ മാഫിയക്ക് ദക്ഷിണേന്ത്യയിൽ പല സംസ്ഥാനങ്ങളിലും വേരോട്ടമുണ്ടെന്നാണ്. നിരവധിപേർ നീറ്റ് അടക്കമുള്ള പരീക്ഷയെഴുതുന്ന കേരളത്തിൽ ഇവർ കൂടുതൽ വലവീശുന്നുണ്ടത്രെ.
തമിഴ്നാട് സിബിസിഐഡി വിരിച്ച വലയിൽ ഇതിലെ ഒരാൾ വീണതോടെയാണ് എൻട്രൻസ് പരീക്ഷകളിലെ ആൾമാറാട്ടക്കഥ പുറത്തുവന്നത്. എന്നാൽ ഇതിന്റെ തുടരന്വേഷണം എത്രമാത്രം മുന്നോട്ടുപോകുമെന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്. പല ഉന്നതരും ഇതിനു പിന്നിലുണ്ടെന്ന സൂചനയാണുള്ളത്.
കേരളത്തിലിരുന്ന് പണം നൽകിയാൽ തമിഴ്നാട്ടിലെ ഏതെങ്കിലും സ്ഥലത്തെ എക്സാം സെന്ററിൽ നിങ്ങൾക്കായി ഏതെങ്കിലും മിടുക്കനോ മിടുക്കിയോ ആ എൻട്രൻസ് പരീക്ഷ നിങ്ങൾക്കായി എഴുതും. അവരുടെ മികവിൽ നിങ്ങളുടെ പണക്കൊഴുപ്പിൽ നിങ്ങൾ എൻട്രൻസ് പാസാവുകയും ചെയ്യും. ഇതാണ് ഈ മാഫിയയുടെ പ്രവർത്തന രീതി.
ഒരിക്കലും നേരിട്ട് ഇടപാടുകൾ ഇവർ നടത്തുന്നില്ലെന്നും പലതട്ടുകളിലായി ഏജന്റുമാർ വഴിയാണ് ഇവർ ഇത്തരം ഓപ്പറേഷനുകൾ നടത്തുന്നതെന്നും പറയപ്പെടുന്നു.20 മുതൽ 25 ലക്ഷം വരെയാണ് നീറ്റ് പരീക്ഷയെഴുതാനായി ആൾമാറാട്ടക്കാർ വാങ്ങുന്നത്. ഒരുലക്ഷമാണ് അഡ്വാൻസ്.
ബാക്കിതുക പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷമാണ് നൽകേണ്ടത്. എൻട്രൻസ് പാസായിക്കഴിഞ്ഞാലേ ബാക്കി തുക നൽകേണ്ടതുള്ളുവെന്നതുകൊണ്ടുതന്നെ ആളുകൾക്ക് ഈ മാഫിയയുടെ പ്രവർത്തനങ്ങളിൽ വിശ്വാസമേറുന്നു.പണം കൊടുക്കുന്ന വിദ്യാർഥിക്ക് വേണ്ടി പരീക്ഷയെഴുതുക എംബിബിഎസ് വിദ്യാർഥികളോ നീറ്റ് പരിശീലകരോ ആയിരിക്കും.
ഇതിനപ്പുറത്തേക്ക് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടക്കുന്നുണ്ടോ എന്നാണ് തമിഴ്നാട് സിബിസിഐഡി ഇപ്പോൾ ചികയുന്നത്.നീറ്റ് പോലുള്ള പരീക്ഷകളിൽ ഇത്തരം ആൾമാറാട്ടം ഇത്രയും എളുപ്പത്തിൽ നടന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളതിനാൽ പരീക്ഷാകേന്ദ്രങ്ങളിലേതടക്കമുള്ള ഉന്നതരെയും നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. എംബിബിഎസ് വിദ്യാർഥികളും നീറ്റ് പരിശീലകരുമടങ്ങുന്ന ടീമിന് വൻതുക നൽകിയാണ് ഈ തട്ടിപ്പിന് ഇറക്കുന്നത്.