എടക്കര: ദുരന്തമുഖത്ത് നിന്നും ദുരിതാശ്വാസ ക്യാന്പിലെത്തിയ രാജീവിനും അനുഷയ്ക്കും മംഗല്യ സാഫല്യം. കവളപ്പാറ കോളനിയിലെ പദ്മിനിയുടെ മകൻ രാജീവും ഇതേ കോളനിയിലെ മുണ്ടിയുടെ മകൾ അനുഷയുമാണ് ഭൂദാനം വിഷ്ണു ക്ഷേത്ത്രിൽ ലളിതമായ ചടങ്ങിൽ പരസ്പരം തുളസിമാല ചാർത്തി അഗ്നിസാക്ഷിയായി ഇന്നലെ വിവാഹിതരായത്.
കവളപ്പാറ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇരുവരും. ഇരുവരുടെയും പിതാക്കന്മാർ നേരത്തെ മരണപ്പെട്ടിരുന്നു. ബന്ധുക്കൾ മൂന്ന് മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഇതിനിടയിലാണ് മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുമായി ഇവരുടെ ബന്ധുക്കളടക്കം അൻപത്തിയൊൻപത് പേർ മരണപ്പെട്ടത്. ഇതോടെ ഇവർ ഭൂദാനം ദുരിതാശ്വാസ ക്യാന്പിലായി.
പിന്നീട് പോത്തുകല്ലിലെ ക്യാന്പിലേക്ക് മാറ്റപ്പെട്ടു. ക്യാന്പിൽ വസിക്കുന്നതിനിടയിലാണ് പെട്ടന്ന് ഇവരുടെ വിവാഹം നടത്താൻ രക്ഷിതാക്കൾ തീരുമാനിച്ചത്. രാജീവിന്റെ സഹോദരൻ രാജേഷിനോട് പോലും കല്ല്യാണക്കാര്യം ഇന്നലെ രാവിലെയാണ് പറയുന്നത്.
രാവിലെ ഭൂദാനം വിഷ്ണു ക്ഷേത്രത്തിൽ വിവാഹം നടന്നു. ലളിതമായ ചടങ്ങിൽ ആറ് പേർമാത്രമാണ് പങ്കെടുത്തത്. തുടർന്ന് ഇരുവരുടെയും കവളപ്പാറയിലെ ഭാഗികമായി തകർന്ന വീടുകളിൽ പോയശേഷം പോത്തുകല്ലിലെ ക്യാന്പിലേക്ക് മടങ്ങുകയായിരുന്നു. ക്യാന്പിലെത്തിയപ്പോഴാണ് ഇവരുടെ വിവാഹം നടന്ന വിവരം ക്യാന്പിലുള്ള മറ്റ് ആളുകൾ അറിയുന്നത്.
വിവാഹ വിവരം പറയാത്തതിനാൽ പ്രത്യേകമായി സദ്യവട്ടങ്ങളൊന്നും ക്യാന്പിൽ ഒരുക്കിയിരുന്നില്ല. എല്ലാ ദിവസത്തെപ്പോലെ ഇരുവരും ക്യാന്പിലെ ഉച്ചഭക്ഷണം കഴിച്ചു. കവളപ്പാറ ദുരന്തത്തിൽ രജീവിന്റെ മാതാവ് പദ്മിനിയുടെ സഹോദരി ശാന്തകുമാരി, മകൻ സുജിത്ത്, അനുഷയുടെ ചേച്ചിയുടെ ഭർത്താവിന്റെ അച്ഛൻ പെരകൻ, അമ്മ ചീര എന്നിവർ മരണപ്പെട്ടിരുന്നു. വിവാഹസമയം രാജേഷിന്റെ മാതാവ് പദ്മിനി പോത്തുകല്ലിലെ ക്യാന്പിലായിരുന്നു.