മുക്കം: തിയറ്റർ ഉടമയുടെ ഫേസ്ബുക്ക് പേജ് എഡിറ്റ് ചെയ്ത് തിയറ്ററിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ മമ്മൂട്ടിക്കെതിരേ അസഭ്യ വർഷം നടത്തുന്നതായി പരാതി. മുക്കം പിസി തിയറ്റർ ഉടമ ഷിംജിയാണ് മുക്കം പോലീസിൽ പരാതി നൽകിയത്.
മുക്കത്തെ പിസി തിയറ്റർ മോഹൻലാൽ സിനിമകൾക്ക് മുൻഗണന നൽകുന്നുവെന്നും മമ്മൂട്ടി സിനിമകളെ അവഗണിക്കുന്നുവെന്നും കാണിച്ച് തിയറ്ററിന്റെ ഔദ്യോഗിക പേജിൽ യുവാവ് പോസ്റ്റ് ഇട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോസ്റ്റിട്ട യുവാവിനെ കണ്ടെത്തി തിയറ്റർ ജീവനക്കാർ സത്യാവസ്ഥ ബോധ്യപ്പെടുത്തി.
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളുടെ കളക്ഷൻ ബുക്കും സിസിടിവി ദൃശ്യങ്ങളും കാണിച്ചാണ് യുവാവിന് സത്യാവസ്ഥ ബോധ്യപ്പെടുത്തിക്കൊടുത്തത്. എന്നാൽ യുവാവിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഔദ്യോഗിക പേജിൽ പോസ്റ്റുകൾ വന്നു.
ഇതിനു പിന്നാലെയാണ് തിയറ്റർ ഉടമയുടെ ഫേസ് ബുക്ക് പേജ് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത് മമ്മൂട്ടിക്കും മറ്റു സിനിമാ പ്രവർത്തർക്കുമെതിരെ അസഭ്യ വാക്കുകൾ അടങ്ങിയ പോസ്റ്റുകൾ പ്രചരിപ്പിച്ചത്.
സത്യാവസ്ഥയറിയാതെ നിരവധി പേർ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയുമായി തനിക്കും കുടുംബത്തിനുമെതിരെ അസഭ്യ വർഷവുമായി രംഗത്തെത്തിയതായി തിയറ്റർ ഉടമ ഷിംജി പറഞ്ഞു. സംഭവം വിവാദമായതോടെ സിനിമാ മേഖലയിലെ വിവിധ സംഘടകളും വിഷയത്തിൽ ഇടപെട്ടു.
ഇവരുടെ നിർദ്ദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. എല്ലാ നല്ല സിനിമകളെയും പരമാവധി പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഷിംജി പറഞ്ഞു.