ആലുവ: മണപ്പുറത്തിനു സമീപം അക്കാട്ട് ലൈനിലെ അപ്പാർട്ട്മെന്റിൽ ജൂണിയർ ആർട്ടിസ്റ്റായ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
എന്നാൽ, ആന്തരികാവയവങ്ങളുടെ വിശദമായ ലാബ് പരിശോധനകഴിഞ്ഞാൽ മാത്രമേ നിഗമനങ്ങൾ ഉറപ്പിക്കാനാകൂയെന്ന് ആലുവ സിഐ സലീഷ് കുമാർ പറഞ്ഞു. ആത്മഹത്യയാണെങ്കിലും അല്ലെങ്കിലും ഇതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്.
ഇതിനിടെ, ഇരുവരുടേയും മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നിലനിൽക്കുകയാണ്. ചുമരിലെ രക്തക്കറകളും അപ്പാർട്ട്മെന്റിലെ വാതിലുകൾക്ക് കൊളുത്തിടാതിരുന്നതും വിശദമായ അന്വേഷണത്തിനു വിധേയമാക്കേണ്ടി വരും. മരിച്ചവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കോട്ടയം വൈക്കം സ്വദേശിയായ ഒരു യുവാവിനേയും പോലീസ് തിരയുന്നുണ്ട്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇയാളെ ചോദ്യം ചെയ്യാനായിട്ടില്ല.
തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസ് സതീഷിന്റെ ഭാര്യ മോനിഷ (26), പാലക്കാട് മൊടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32) എന്നിവരുടെ മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് അപ്പാർട്ട്മെന്റിൽ ശനിയാഴ്ച കണ്ടെത്തിയത്. ദുർഗന്ധം വരുന്നതായി നാട്ടുകാർ പരാതി പറഞ്ഞതിനാൽ ഉടമ വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ ആരംഭിച്ച സ്റ്റുഡിയോയുടെ ജോലികൾക്കായാണ് ഇവർ ഫ്ളാറ്റെടുത്തിരുന്നത്. സഹായിയായി വന്നതാണ് രമേശ്. നിർധന കുടുംബത്തിലെ അംഗമായിരുന്നു മോനിഷയുടെ മാതാവ് വീടുകളിൽ ജോലിക്ക്പോയാണ് കഴിയുന്നത്. മോനിഷ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സ്റ്റുഡിയോ മേഖലയിലേക്ക് തിരിഞ്ഞതായാണ് സൂചന. ഭർത്താവ് സതീഷ്കൽപ്പണിക്കാരനാണ്.