കണ്ണൂർ: ഞണ്ടിന്റെ ഇറുക്കലിൽ മത്സ്യത്തൊഴിലാളിക്ക് പരിക്ക്. തമിഴ്നാട് കരൂർ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അൻപഴകനാണ് (55) പരിക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം. ആയിക്കര കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വലയിൽ കുടുങ്ങിയ മത്സ്യങ്ങൾ വേർതിരിക്കുന്നതിനിടെ വലിയ ഞണ്ട് അൻപഴകന്റെ വലതുകൈയ്ക്ക് ഇറുക്കുകയായിരുന്നു.
ഞണ്ട് പിടിവിടാത്തതിനെ തുടർന്ന് സഹപ്രവർത്തകരായ മത്സ്യത്തൊഴിലാളികൾ ഞണ്ടിനെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ അൻപഴകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 25 വർഷമായി ഇയാൾ കണ്ണൂർ ആയിക്കരയിൽ മത്സ്യബന്ധനം നടത്തിവരികയാണ്.