തിരുവനന്തപുരം: പിഎസ്സി കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേട് കേസിലെ ഒന്നും മൂന്നും പ്രതികളായ ശിവരഞ്ജിത്തും നസീമും നുണപരിശോധനയ്ക്ക് വിധേയരാവാൻ സമ്മതമല്ലെന്ന് കോടതിയെ അറിയിച്ചു. അഞ്ചാം പ്രതിയും മുൻ സിവിൽ പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുലിന്റെ കൈയക്ഷരം പരിശോധിക്കുവാൻ അനുമതി നൽകണമെന്ന് അന്വേഷണ സംഘത്തിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു.
ഗോകുലിന്റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഡയറിയിൽ ഇരുപതോളം പേരുടെ മൊബൈൽ നമ്പർ ഉണ്ടായിരുന്നു മൊബൈൽ നമ്പറുകൾ എഴുതിയ കൈയക്ഷരം തന്റേതല്ലെന്നതാണ് ഗോകുലിന്റെ വാദം.
ഇതിനെ തുടർന്നാണ് അന്വേഷണ സംഘം ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി തെളിയിക്കുവാൻ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്. കൂടാതെ കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളെയും ജയിലിനുള്ളിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
2018 ജൂലൈ 22ന് പിഎസ്സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്എംഎസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് ഒന്ന്,രണ്ട്,28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത് എന്നാണ് കേസ്. ശിവരഞ്ജിത്ത്,പ്രണവ്,നസീം,സഫീർ,ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ.