ഏറ്റൂമാനൂർ: ആധുനിക ബസ് ബേയുടെ മേൽക്കൂര ഇടിച്ച് തകർത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനുസമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ആധുനിക ബസ് ബേയാണ് ലോറി ഇടിച്ചു തകർത്ത് മാസങ്ങൾ കഴിയുന്പോഴും നന്നാക്കാതെ ചോരുന്നത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് ബേയാണ്. മേൽക്കൂര തകർന്നതോടെ ഇപ്പോൾ മഴ പെയ്യുന്പോൾ ചോരുകയാണ്.
മാസങ്ങൾക്കു മുന്‍പാണു കണ്ടെയ്നർ ലോറി ഇടിച്ച് ബസ് ബേയുടെ മേൽക്കൂര തകർന്നത്. പല തവണകളായി വീണ്ടും ഇടിച്ചതോടെ മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഷീറ്റുകൾ പലതും ഉപയോഗശൂന്യമാകുകയും കന്പികൾ ഇളകുകയും ചെയ്തു.
ബസ് തേടി എത്തുന്ന യാത്രക്കാർ ഭയന്നാണ് നിൽക്കുന്നത്. ഏറ്റൂമാനൂരിലെ വലിയ തോതിലുള്ള ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനും ബസുകളുടെ അനധികൃത സ്റ്റോപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് എംസി റോഡിൽ ഏറ്റൂമാനൂർ അന്പലത്തിന്റെ പടിഞ്ഞാറെ നടയ്ക്കുസമീപം ബസ് ബേ സ്ഥാപിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയുടെ ഭാഗമായിട്ടാണു മൂന്ന് വർഷം മുൻപ് ബസ് ബേ നിർമ്മിച്ചത്. നിയമപരമായ പല പ്രശ്നങ്ങളും മറികടന്നാണ് സ്ഥലമേറ്റടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കി ബസ് ബേ നിർമ്മിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പുനരുദ്ധാരണത്തിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയായില്ല.