കോട്ടയം: നഗരമധ്യത്തിലെ തിരക്കേറിയ എടിഎം കൗണ്ടറിനുള്ളിൽനിന്നും ലഭിച്ച 20,000രൂപ പോലീസിനു കൈമാറി യുവാക്കൾ. പൂഞ്ഞാർ സ്വദേശികളായ അക്ഷയും ബോബിനുമാണു യഥാർഥ ഉടമയുടെ കൈകളിലേക്കു പണം എത്തിക്കുന്നതിനു പോലീസിനു നൽകിയത്.
ഇന്നലെ രാത്രി 9.30നായിരുന്നു സംഭവം. പൂഞ്ഞാറിൽനിന്നും നാഗന്പടത്തെ സർക്കസ് കാണാനായി എത്തിയതായിരുന്നു ഇരുവരും. നഗരത്തിൽ ചുറ്റിത്തിരിഞ്ഞശേഷം ഇരുവരും തിരുനക്കര മൈതാനത്തിനുസമീപം എത്തി.
ഇവിടെ എത്തിയ ശേഷം എടിഎം കൗണ്ടറിൽ പണമെടുക്കാൻ കയറിയതോടെയാണ് ഇവിടെ ഇടപാട് പൂർത്തിയാക്കാതെ 20,000 രൂപ എടിഎം കൗണ്ടറിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ പണം എടുത്തശേഷം പുറത്തിറങ്ങിയ ഇവർ കണ്ട്രോൾ റൂം പോലീസിനെ വിവരം അറിയിച്ചു.
നഗരത്തിൽ ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന സിആർവി ഒന്നിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇവർ അക്ഷയിനെയും, ബോബിനെയും വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവരുടെ സാന്നിധ്യത്തിൽ തന്നെ തുക വെസ്റ്റ് പോലീസ് അധികൃതർക്ക് കൈമാറി. പണം യഥാർഥ ഉടമയുടെ കൈവശം തന്നെ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും മടങ്ങിയത്.