കൊച്ചി: മൊബൈൽ മോഷണക്കേസിൽ പിടിയിലായ പ്രതി കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നു. എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന സിദ്ര പ്രിസ്റ്റീൻ ഹോട്ടലിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കയറി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ ആസാം നാഗണ് സ്വദേശി ഇക്രമുൽ ഇസ് ലാമി (19) നെ സംബന്ധിച്ചാണു പോലീസ് കൂടുതൽ അന്വേഷിക്കുന്നത്.
എറണാകുളം നോർത്ത് എസ്എച്ച്ഒ സിബി ടോം, എസ്ഐ അനസ്, സീനിയർ സിപിഒമാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. ഹോട്ടലിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി രജിത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്.
മുറിയിൽനിന്നു തൊട്ടടുത്തുള്ള മെസിലേക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണു മോഷണം നടന്നത്. തുടർന്ന് രജിത് നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഇതിനിടെ മോഷ്ടിച്ച മൊബൈൽ വിൽക്കാനായി പ്രതി പെന്റാ മേനകയിൽ എത്തിയപ്പോഴാണു പോലീസിന്റെ പിടിയിലായത്. പ്രതി ഇത്തരത്തിൽ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടാകാമെന്നാണു പോലീസ് സംശയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.