കൂത്താട്ടുകുളം: ശബരിമലയിലേക്കുള്ള പ്രധാന റോഡായ കൂത്താട്ടുകുളം-പാലാ റോഡ് തകർന്ന് തരിപ്പണമായിട്ടും പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥർ തിരിഞ്ഞു നോക്കാത്തതിനെതിരേ ജനരോക്ഷം ശക്തമാകുന്നു. മാരുതി കവല മുതൽ ഉഴവൂർ റോഡിലും രാമപുരം റോഡിലും തകർന്ന കുഴികൾ താണ്ടിയുള്ള യാത്ര ആളുകളുടെ നടുവൊടിക്കുന്നതാണ്.
കുഴികൾ ശ്രദ്ധിക്കാതെ വരുന്ന ബസുകളും ചെറുവാഹനങ്ങളും വൻ ശബ്ദത്തോടെയാണ് കുഴികളിൽ വീഴുന്നത്. ശബരിമല യാത്രക്കരുൾപ്പെടെ അന്യ നാട്ടുകാരാണ് അപകടത്തിൽ പെടുന്നവരിൽ ഏറെയും. സമീപത്തെ പുരയിടങ്ങൾ രൂപമാറ്റം വരുത്തിയപ്പോൾ റോഡിലേക്ക് ഒഴുകിയിറങ്ങിയ മണ്ണും വെള്ളക്കെട്ടുമാണ് പാല റോഡിലെ ചില ഭാഗങ്ങൾ തകരുന്നതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ കുഴികൾ നികത്താത്തതിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയും താത്കാലികമായി കുഴികൾ അടയ്ക്കുകയും ചെയ്തിരുന്നു.
തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ-കുഴിക്കാട്ടുക്കുന്ന് പൊതുമരാമത്ത് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ വാഴ നട്ടും പ്രതിഷേധിച്ചിരുന്നു. കിഴകൊന്പ് -ചക്കാല, പൈറ്റക്കുളം-കുങ്കുമശേരി റോഡുകളുടെ ടെൻഡർ നടപടി പൂർത്തീകരിച്ച് എഗ്രിമെന്റായി ആറ് മാസം കഴിഞ്ഞിട്ടും നിർമാണം പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ കോണ്ഗ്രസ്-ജേക്കബ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിഡബ്ല്യുഡി എൻജിനീയറെയും കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. അതേസമയം ഈ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.