വടകര: വീട്ടില്‍ കറി വെക്കാന്‍ വാങ്ങിയ ചെമ്മീനില്‍ പുഴുക്കളെ കണ്ടെത്തി. കസ്റ്റംസ്റോഡ് അമ്മാണ്ടിയില്‍ പ്രവീണിന്റെ വീട്ടില്‍ വാങ്ങിയ ചെമ്മീനിലാണ് പുഴുക്കള്‍ നുരഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ വിധുഷ ഇന്നു രാവിലെ ഇവിടെ എത്തിയ മത്സ്യവില്പനക്കാരനില് നിന്നാണ് ഉച്ചയ്ക്ക് കറി വെക്കുന്നതിനു ചെമ്മീന്‍ വാങ്ങിയത്. മുറിച്ച് ഉപ്പും മുളകും മഞ്ഞളുമിട്ട് പാത്രത്തിലാക്കി അടുപ്പത്ത് വെച്ചപ്പോഴാണ് സംഭവം. ചൂട് പിടിച്ചതോടെ ചെമ്മീനില്‍ നിന്നു പുഴുക്കള്‍ ഓരോന്നായി പുറത്തുവരികയായിരുന്നു.
ആഴ്ചകളോളം പഴകിയ ചെമ്മീനാണ് ഇതെന്ന് വ്യക്തമായി. ഒറ്റനോട്ടത്തില്‍ ചെമ്മീന്‍ ചീഞ്ഞതായി തോന്നുന്നില്ല. ഇത് മനസിലാകാതിരിക്കാന്‍ രാസവസ്തു ചേര്‍ത്തോ എന്ന സംശയമുണ്ട്. ഈ പ്രദേശങ്ങളില്‍ വീടുകള്‍ തോറും വില്പന നടത്തുന്ന ഒട്ടേറെ പേരുണ്ട്. ഇതില്‍ ഒരാളില്‍ നിന്നാണ് പ്രവീണിന്റെ വീട്ടില്‍ ചെമ്മീന്‍ വാങ്ങിയത്. ഇക്കാര്യം വീട്ടുകാര്‍ മുനിസിപ്പല്‍ ഹെല്‍ത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി.